ന്യൂഡൽഹി: ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട പണം തട്ടിപ്പുകേസിൽ അറസ്റ്റിലായ നടി ലീന മരിയ പോളിനെ കോടതി 15 ദിവസത്തേക്ക്‌ ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ വിട്ടു. അഡീഷണൽ സെഷൻസ് ജഡ്ജി പ്രവീൺ സിങ്ങാണ് ലീന ഉൾപ്പെടെ മൂന്ന് പ്രതികളെ 15 ദിവസത്തേക്കും മറ്റ്‌ രണ്ടുപേരെ അഞ്ച് ദിവസത്തേക്കും കസ്റ്റഡിയിലയച്ചത്.

ഹവാല ഇടപാടുകൾ, വ്യാജ കമ്പനികൾ എന്നിവയുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിന് പ്രതികളെ 28 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രതികളെ കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊണ്ടുപോകേണ്ടതുണ്ടെന്നും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ വ്യക്തമാക്കി.

എന്നാൽ, ഒറ്റയടിക്ക് 28 ദിവസത്തെ പോലീസ് കസ്റ്റഡി നൽകാനാവില്ലെന്ന് കോടതി അറിയിച്ചു. “നിങ്ങൾ പറയുന്നതെല്ലാം വിശ്വസിച്ച് നടപടിയെടുക്കാനാവില്ല. കഴിഞ്ഞദിവസം പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഇതുവരെ എന്ത് വിവരം ലഭിച്ചു...?”- കോടതി ചോദിച്ചു. ലീനയ്ക്ക് ബെംഗളൂരു, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽ സലൂണുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ലീനയെ പത്തുദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സാമ്പത്തിക കുറ്റകൃത്യവിഭാഗവും ചോദ്യംചെയ്തതാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു.

ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവിന്ദർ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിനെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയ സംഭവത്തിലാണ് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മൊക്കോക്ക) പ്രകാരം ലീനയെ അറസ്റ്റ് ചെയ്തത്. ഇതേ വകുപ്പു പ്രകാരം നേരത്തേ അറസ്റ്റിലായ സുകേഷിനെ ഡൽഹി കോടതി ശനിയാഴ്ച 16 ദിവസത്തേക്ക്‌ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.