പുണെ: രാഷ്ട്രീയരംഗത്ത് ജയപരാജയങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയേറ്റ പശ്ചാത്തലത്തിൽ ഈ പരാമർശത്തിന് ഏറെ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകർ നൽകിയത്.

പുണെ ജില്ലാ അർബൻ കോ-ഒാപ്പറേറ്റീവ് ബാങ്ക് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. വിജയം അവകാശപ്പെടാൻ പല അച്ഛന്മാരുണ്ടാവും എന്നാൽ തോൽവി എന്നും അനാഥനായിരിക്കും. വിജയത്തിന്റെ അംഗീകാരം സ്വന്തമാക്കാൻ ഓട്ടപ്പാച്ചിലായിരിക്കും. എന്നാൽ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാണ് എല്ലാവരും ശ്രമിക്കുക -അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ പരാമർശം വിവാദമായതോടെ തന്റെ പരാമർശം മാധ്യമങ്ങളും പ്രതിപക്ഷവും വളച്ചൊടിക്കുകയാണെന്ന ആരോപണവുമായി ഗഡ്കരി രംഗത്തെത്തി. തന്നെയും പാർട്ടിയെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlights; Leadership must own up to defeat also: Union Minister Nitin Gadkari