ന്യൂഡൽഹി: ജഡ്ജിനിയമനത്തിൽ പോസ്റ്റ്മാന്റെ റോളല്ല കേന്ദ്രസർക്കാരിന്റേതെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ്. ലോക്‌സഭയിൽ കല്യാൺ ബാനർജിയുടെ ചോദ്യത്തിന്‌ മറുപടിനൽകുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്‌ജിമാരെ നിയമിക്കാൻ നടപടിക്രമമുണ്ട്. മുതിർന്ന ജഡ്‌ജിമാരുടെ കൊളീജിയം സർക്കാരിനു ശുപാർശ നൽകും. കേന്ദ്രസർക്കാർ ജഡ്‌ജിനിയമനത്തിൽ പങ്കാളിയാണ്. അല്ലാതെ പോസ്റ്റ്മാനല്ല -രവിശങ്കർ പ്രസാദ് പറഞ്ഞു.

അതതു ഹൈക്കോടതികളിലെ പ്രിൻസിപ്പൽബെഞ്ചിന്റെ ശുപാർശയനുസരിച്ചുമാത്രമേ ഹൈക്കോടതിയുടെ പുതിയ ബെഞ്ചുകൾ സ്ഥാപിക്കാനാവൂവെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ സുപ്രീംകോടതി നിർദേശമുണ്ട്. ഇതിനുപുറമേ, ജഡ്‌ജിമാർക്കുള്ള ബംഗ്ലാവും കോടതിക്കെട്ടിടവുമൊക്കെ പണിതുനൽകാൻ സംസ്ഥാനസർക്കാരും പ്രതിജ്ഞാബദ്ധമാവണം. ഹൈക്കോടതിബെഞ്ചുകൾ സ്ഥാപിക്കാൻ സംസ്ഥാനസർക്കാരിന്റെ ശുപാർശയും ചീഫ് ജസ്റ്റിസിന്റെ സമ്മതവും വേണം. ബെഞ്ചിന്റെ ദൈനംദിനപ്രവർത്തനത്തിന്റെ മേൽനോട്ടച്ചുമതല ചീഫ് ജസ്റ്റിസിനായിരിക്കും. അതതിടത്തെ ഗവർണറുടെ സമ്മതവും ഉണ്ടായിരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

content highlights: law minister on appointment of judges