അഗർത്തല: ത്രിപുരയിലെ ജാലിഫ ഗ്രാമത്തിൽ ഭൂമിക്കുള്ളിൽനിന്ന് ലാവയ്ക്കു സമാനമായ ചൂടുദ്രാവകം നുരഞ്ഞുപൊങ്ങുന്നു. തീവ്രമായ ഭൂകമ്പത്തിന് സാധ്യതയുള്ള മേഖല അഞ്ചിൽ ഉൾപ്പെടുന്ന പ്രദേശമാണ് ത്രിപുരയുൾപ്പെടുന്ന വടക്കുകിഴക്കൻ മേഖല. അതുകൊണ്ടുതന്നെ ഗൗരവമായാണ് അധികൃതർ ഇതിനെ കാണുന്നത്.

റോഡരികിലെ വൈദ്യുതത്തൂണിനരികിലാണ് ദ്രാവകം കണ്ടത്. അഗ്നിശമനസേനയെത്തി വെള്ളമൊഴിച്ചെങ്കിലും ദ്രാവകം നുരഞ്ഞു പൊങ്ങുകയാണ്. ഇക്കൊല്ലം ഇത് മൂന്നാംതവണയാണ് സംസ്ഥാനത്ത് സമാനസംഭവമുണ്ടാകുന്നത്.

ഭൗമശാസ്ത്രജ്ഞരും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിലെ ശാസ്ത്രജ്ഞരും സ്ഥലപരിശോധന നടത്തിവരികയാണ്. ഭൗമപാളികൾക്ക് ചലനവും വിള്ളലുമുണ്ടാകുന്നതിനാലാണ് ഭൂമിയിൽ നിന്ന് പുകയും മറ്റു ദ്രാവകങ്ങളും പുറത്തേക്കുവരുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ സജീവ അഗ്നിപർവതം ഉണ്ടാകാനോ, ലാവ പുറത്തേക്കുവരാനോ സാധ്യതയില്ലെന്ന് ത്രിപുര സ്പേസ് ആപ്ലിക്കേഷൻ ശാസ്ത്രജ്ഞൻ അവിസേക് ചൗധരി പറഞ്ഞു. എന്നാൽ ത്രിപുരയിൽ മുമ്പുണ്ടായ ഭൂകമ്പങ്ങളെ പരാമർശിച്ച് സംസ്ഥാന ശാസ്ത്രസാങ്കേതികപരിസ്ഥിതി മന്ത്രി സുദീപ് റോയ് ബർമൻ ആശങ്ക അറിയിച്ചു.

content highlights: Lava-Like Eruption From Electric Pole Leaves Tripura Villagers Scared