ന്യൂഡൽഹി: ജനങ്ങളുടെ വികാരവും താത്പര്യങ്ങളും പരിഗണിച്ചും ജനപ്രതിനിധികളോടും പഞ്ചായത്തുകളോടും ചർച്ചചെയ്തും മാത്രമേ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുകയുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നൽകിയതായി ലക്ഷദ്വീപിലെ നേതാക്കൾ പറഞ്ഞു. ലക്ഷദ്വീപിൽനിന്നുള്ള ലോക്‌സഭാംഗം മുഹമ്മദ് ഫൈസലും ലക്ഷദ്വീപിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സംഘവും വെവ്വേറെ കണ്ടപ്പോഴാണ് മന്ത്രി ഈ ഉറപ്പുനൽകിയത്.

കരട് വിജ്ഞാപനങ്ങൾ അതേപടി നടപ്പാക്കില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയതായും നേതാക്കൾ പറഞ്ഞു. വിജ്ഞാപനം ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക്‌ എത്തുമ്പോൾ ജനങ്ങൾക്ക് ആശങ്കയുള്ള വ്യവസ്ഥകളുണ്ടെങ്കിൽ നീക്കുമെന്നും ഷാ വ്യക്തമാക്കിയതായി കൂടിക്കാഴ്ചയ്ക്കുശേഷം മുഹമ്മദ് ഫൈസൽ പറഞ്ഞു. ഗുണ്ടാ ആക്ട്, ബീഫ് നിരോധനം, മദ്യത്തിന് അനുമതി, ഭൂവിനിയോഗത്തിലെ നിയന്ത്രണം തുടങ്ങിയവ സംബന്ധിച്ച നടപടികളിൽ ജനങ്ങൾക്ക് എതിർപ്പുണ്ടെന്ന് ധരിപ്പിച്ചതായി ഫൈസൽ പറഞ്ഞു.

അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ബി.ജെ.പി. ഘടകം അധ്യക്ഷൻ സി. അബ്ദുൾ ഖാദർ ഹാജി, ഉപാധ്യക്ഷൻ മുത്തുക്കോയ എന്നിവരും അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരെ കണ്ട് ചർച്ച നടത്തി. ദ്വീപിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രകൃതിയും സംസ്കാരവും സംരക്ഷിച്ചുകൊണ്ടുള്ള പ്രവർത്തനവുമായി മാത്രമേ മുന്നോട്ടുപോകൂ എന്ന് ഷാ ഉറപ്പുനൽകിയതായി അവർ പറഞ്ഞു.

Content Highlights: Lakshadweep Amit Shah