ലഖിംപുർ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർക്ക് നേരെയുണ്ടായ അക്രമത്തിൽ അറസ്റ്റിലായ ആശിഷ് മിശ്രയുടെ പക്കൽനിന്ന് പിടിച്ചെടുത്ത തോക്കിൽനിന്ന് വെടിവെച്ചിരുന്നെന്ന് ഫൊറൻസിക് റിപ്പോർട്ട്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. സംഭവം നടന്ന സമയത്ത് ഇയാൾ വെടിവെച്ചിരുന്നെന്ന കർഷകരുടെ ആരോപണത്തെ സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, അക്രമം നടന്ന ദിവസമാണോ മറ്റേതെങ്കിലും ദിവസമാണോ തോക്കിൽനിന്ന് വെടിവെച്ചതെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

മുൻ കേന്ദ്രമന്ത്രി അഖിലേഷ് ദാസിന്റെ അനന്തരവൻ അങ്കിത് ദാസിന്റെ ഉടമസ്ഥതയിലുള്ള ഒരു പിസ്റ്റൾ, ദാസിന്റെ അംഗരക്ഷകൻ ലത്തീഫ് കാലെയുടെ പക്കൽ ഉണ്ടായിരുന്ന ഒരു റിപ്പീറ്റർ ഗൺ എന്നിവയുൾപ്പെടെ നാല് ആയുധങ്ങളാണ് ആശിഷ് മിശ്രയുടെ പക്കൽനിന്ന് പോലീസ് പിടിച്ചെടുത്തത്.

കഴിഞ്ഞമാസം മൂന്നിന് ലഖിംപുരിൽ നടന്ന അക്രമത്തിൽ നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനും ബി.ജെ.പി. പ്രവർത്തകരും ഉൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടിരുന്നു.

സിംഘു അതിർത്തിയിൽ കർഷകൻ ആത്മഹത്യ ചെയ്തു

: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ പഞ്ചാബിലെ കർഷകൻ സിംഘു അതിർത്തിയിലെ മരത്തിൽ തൂങ്ങിമരിച്ചു. ഫത്തേഗഢ്‌ സാഹിബ് ജില്ലയിൽ താമസിക്കുന്ന ഗുർപ്രീത് സിങ്ങാണ് (45) ആത്മഹത്യ ചെയ്തത്. സമരത്തിൽ പങ്കെടുത്ത കർഷകനാണ് സിങ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സോനിപത്തിലെ പ്രാദേശിക ആശുപത്രിയിലേക്ക് അയച്ചതായി കുണ്ഡ്‌ലി പോലീസ് അറിയിച്ചു.