ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ ചിതറിത്തെറിച്ച കർഷകരുടെ ചോരത്തുള്ളികൾ ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ്‌ വിഷയമാകുമെന്ന ആശങ്കയിൽ ബി.ജെ.പി.

കർഷകസമരത്തെ സംസ്ഥാനത്ത് പശ്ചിമ യു.പി.യിൽ മാത്രമായി ഒതുക്കിനിർത്തിയെന്ന് ബി.ജെ.പി. ആശ്വസിച്ചിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി ലഖിംപുർ ഖേരി ദുരന്തമുണ്ടായത്. പ്രശ്‌നം ഉയർത്തി പ്രതിപക്ഷപാർട്ടികൾ പ്രതിഷേധം മുറുക്കുമ്പോൾ കളം കൈവിടാതിരിക്കാൻ അടിയന്തരപരിഹാരം തേടുകയാണ് ബി.ജെ.പി.യുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ.

പാർട്ടിയിലെ ബ്രാഹ്മണമുഖമായ അജയ് മിശ്രയെ കൈവിടുന്നത് രാഷ്ട്രീയക്ഷീണമുണ്ടാക്കുമെന്ന തിരിച്ചറിവ് ബി.ജെ.പി.യെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഭരണ-പ്രതിപക്ഷ നിലപാടുകൾ ഉത്തർപ്രദേശിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയദിശയെ സ്വാധീനിക്കുമെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.

ആറ് ജില്ലകളും 47 നിയമസഭാ മണ്ഡലങ്ങളുമുള്ള തേരായ് മേഖലയിലെ രാഷ്ട്രീയസമവാക്യങ്ങളുടെ മാറ്റം മറിച്ചിലുകൾ യു.പി. രാഷ്ട്രീയത്തിൽ നിർണായകമാണ്. കാർഷികമേഖലകളെ കൂടുതൽ പ്രകോപിപ്പിക്കാതെ പ്രശ്നം തണുപ്പിക്കാനുള്ള മാർഗങ്ങൾ അടിയന്തരമായി സ്വീകരിക്കാൻ സംസ്ഥാനസർക്കാരിനും പാർട്ടിനേതൃത്വത്തിനും കേന്ദ്രനേതാക്കൾ നിർദേശം നൽകിയത് ഇതേത്തുടർന്നാണ്.

ലഖിംപുർ ഖേരിയുടെ രാഷ്ട്രീയഭൂമിശാസ്ത്രം

ഭരണ-പ്രതിപക്ഷ രാഷ്ട്രീയങ്ങൾക്ക് വളക്കൂറുള്ള രാഷ്ട്രീയഭൂമിയാണ് ഉത്തർപ്രദേശിലെ ഏറ്റവും വലിയ ജില്ലയായ ലഖിംപുർ ഖേരി. പടിഞ്ഞാറൻ യു.പി.ക്ക്് സമാനമായി കരിമ്പുകൃഷിക്കാണ് പ്രാമുഖ്യം. ഇന്ത്യ-പാക് വിഭജനകാലത്ത് പലായനം ചെയ്‌തെത്തിയ സിഖുകാരാണ് കരിമ്പുകർഷകരിൽ ഏറെയും. ഏഷ്യയിലെ വലിയ മൂന്ന് സ്വകാര്യ പഞ്ചസാര ഫാക്ടറികളുള്ള ജില്ലയെ യു.പി.യുടെ പഞ്ചസാരപ്പാത്രം എന്നാണ് വിളിക്കുന്നത്.

എട്ടു നിയമസഭാ മണ്ഡലങ്ങളാണ് ലഖിംപുർ ഖേരി ജില്ലയിലുള്ളത്. 2017-ൽ ഈ എട്ടുമണ്ഡലങ്ങളും നേടിയത് ബി.ജെ.പി.യാണ്. 2012-ൽ കേവലം ഒരു സീറ്റിൽ ഒതുങ്ങിയ അവർ ശക്തമായ തിരിച്ചുവരവു നടത്തുകയായിരുന്നു. ദുരന്തമുണ്ടായ നിഘാസൻ മണ്ഡലം 2007-ൽ അജയ് മിശ്ര പരാജയപ്പെട്ടതൊഴിച്ചാൽ 1993 മുതൽ ബി.ജെ.പി.യുടെ കുത്തകയാണ്.

ജാതിസമവാക്യങ്ങളിൽ ബ്രാഹ്മണവിഭാഗത്തിനാണ് മുൻതൂക്കം. കുർമികളും മുസ്‍ലിങ്ങളും തൊട്ടുപിന്നാലെ. കർഷകരിലെ സിഖുകാരുടെ സാന്നിധ്യം കർഷകസമരം ആളിക്കത്തിക്കാൻ വഴിയൊരുക്കുമെന്ന ഭയം ബി.ജെ.പി.ക്കുണ്ട്. ലഖിംപുർ ഖേരി സംഭവത്തിനുപിന്നിൽ ഖാലിസ്താൻ ഭീകരവാദികളാണെന്ന പാർട്ടി ജനറൽ സെക്രട്ടറി സത്യകുമാറിന്റെ ആരോപണം ബി.ജെ.പി. പ്രത്യക്ഷത്തിൽ ഏറ്റെടുക്കാതിരുന്നത് അതുകൊണ്ടാണ്.

മാണ്ഡ്‌സോർ ആവർത്തിക്കുമോയെന്ന് ആശങ്ക

2017-ൽ മധ്യപ്രദേശിലെ മാണ്ഡ്‌സോറിൽ കർഷകർക്ക് നേരെയുണ്ടായ വെടിവെപ്പ് ശിവരാജ് സിങ് ചൗഹാൻ സർക്കാരിന്റെ പതനത്തിന് കാരണമായ രാഷ്ട്രീയപാഠം ബി.ജെ.പി.ക്ക് മുന്നിലുണ്ട്. 2018-ൽ ബി.ജെ.പി.ക്ക് ഭരണം നഷ്ടപ്പെട്ട സംഭവമാണ് ലഖിംപുർ ഖേരിയോട് ചേർത്ത് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വായ്പാഇളവിനും കുടിശ്ശികയ്ക്കുമായി സമരംചെയ്ത കർഷകർക്കുനേരെ 2017 ജൂൺ ആറിനാണ് വെടിവെപ്പു നടന്നത്.