ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകസമരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ അതൃപ്തിയറിയിച്ച് സുപ്രീംകോടതി.

അന്വേഷണം തങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല നീങ്ങുന്നതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗബെഞ്ച് പറഞ്ഞു. അന്വേഷണ മേൽനോട്ടത്തിനായി മറ്റൊരു സംസ്ഥാനത്തെ ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജഡ്‌ജിയെ നിയോഗിക്കുമെന്നും ബെഞ്ച് അറിയിച്ചു. ഇക്കാര്യത്തിൽ ഉത്തർപ്രദേശ് സർക്കാരിന്റെ മറുപടിതേടിയ സുപ്രീംകോടതി, കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റി.

സംഭവത്തിന്റെ വീഡിയോ തെളിവുകൾ സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ടുകൾ ഇനിയും ലഭിക്കാത്തതിൽ സുപ്രീംകോടതി അതൃപ്തിയറിയിച്ചു. ഫൊറൻസിക് റിപ്പോർട്ട് ഈമാസം 15-നകം ലഭിക്കുമെന്ന് യു.പി. സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു. ലഖിംപുരിലെ കർഷകസംഘർഷവുമായി ബന്ധപ്പെട്ട രണ്ടു കേസുകളും ഒന്നിച്ചന്വേഷിക്കുന്നതിനെ സുപ്രീംകോടതി വിമർശിച്ചു.

യു.പി. സർക്കാർ സമർപ്പിച്ച തത്‌സ്ഥിതി റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങളില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതികളിൽ പലരുടെയും മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടില്ല. ചിലർ തങ്ങളുടെ ഫോൺ എറിഞ്ഞുകളഞ്ഞെന്ന് ഹരീഷ് സാൽവെ അറിയിച്ചപ്പോൾ, അക്കാര്യം റിപ്പോർട്ടിലില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

കർഷകർക്കിടയിലേക്ക് വാഹനമിടിച്ചുകയറ്റിയ കേസും വാഹനത്തിലുണ്ടായിരുന്നവർ ആൾക്കൂട്ട ആക്രമണത്തിനിരയായെന്ന എതിർ കേസും ഒന്നിച്ച് അന്വേഷിക്കുന്നത് ഉചിതമല്ല. സംഭവത്തിലെ മുഖ്യ പ്രതിക്കെതിരായ കേസ് ദുർബലപ്പെടുത്തുന്നതാണ് ഈ നടപടി. രണ്ടു കേസുകളിലെയും സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നതിലും മറ്റും ആശയക്കുഴപ്പമുണ്ടായേക്കാം. അതിനാൽ മറ്റൊരു സംസ്ഥാനത്തെ ഹൈക്കോടതിയിൽനിന്നു വിരമിച്ച ജഡ്‌ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കാമെന്ന നിർദേശം ബെഞ്ച് മുന്നോട്ടുവെച്ചു. ഇക്കാര്യത്തിൽ മറുപടിനൽകാൻ യു.പി. സർക്കാർ സമയം തേടിയതിനെത്തുടർന്നാണ് കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റിയത്.

ഇതിനിടെ, കേസിലെ എസ്.ഐ.ടി. അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട ബി.ജെ.പി. പ്രവർത്തകൻ ശ്യാം സുന്ദറിന്റെ ഭാര്യ അറിയിച്ചു. അന്വേഷണം സി.ബി.ഐ.ക്കു വിടണമെന്നാണ് അവരുടെ ആവശ്യം. സമരം ചെയ്തിരുന്ന കർഷകർക്കുനേരെ വാഹനം ഇടിച്ചുകയറ്റിയ കേസിൽ കേന്ദ്രമന്ത്രിയുടെ മകനായ ആശിഷ് മിശ്ര ഉൾപ്പെടെയുള്ള പ്രതികൾ അറസ്റ്റിലായിരുന്നു.