ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ വ്യവസായബന്ധം, സാമൂഹികസുരക്ഷ, തൊഴിൽസുരക്ഷ-ആരോഗ്യം എന്നീ നിയമസംഹിത(കോഡ്)കളുടെ ചട്ടങ്ങൾ ഈ മാസം അവസാനത്തോടെ പുറത്തിറക്കും. ഇതോടെ നിയമങ്ങൾ നേരത്തേ പ്രഖ്യാപിച്ച ഏപ്രിൽ ഒന്നിനുമുമ്പുതന്നെ പ്രാബല്യത്തിലാകാനുള്ള സാധ്യതയേറി. ചട്ടങ്ങൾ തയ്യാറാക്കുന്ന പ്രക്രിയ ഈ മാസംതന്നെ പൂർത്തിയാകുമെന്ന് കേന്ദ്ര തൊഴിൽ സെക്രട്ടറി അപൂർവ ചന്ദ്രയാണ് മാധ്യമങ്ങളെ അറിയിച്ചത്.
വിവിധ നിയമങ്ങൾ ഇല്ലാതാക്കിയും ക്രോഡീകരിച്ചുമാണ് നാലു സമഗ്രനിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവന്നത്. തൊഴിൽരംഗത്ത് സമഗ്രമാറ്റങ്ങൾക്ക് വഴിവെക്കുന്ന നിയമപരിഷ്കരണങ്ങൾ പ്രബല തൊഴിലാളി സംഘടനകളുടെ എതിർപ്പ് അവഗണിച്ചാണ് നടപ്പാക്കുന്നത്.
വേജ് കോഡ് ഒഴികെയുള്ള തൊഴിൽ കോഡുകളുടെ കരടുചട്ടങ്ങൾ മന്ത്രാലയം നവംബറിൽ പുറത്തിറക്കിയിരുന്നു. വേജ് കോഡിന്റെ ചട്ടത്തിന് നേരത്തേ അന്തിമരൂപം നൽകിയെങ്കിലും നടപ്പാക്കിയില്ല. നാലുകോഡുകളും ഒന്നിച്ചുനടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന്റെ കൺസൾട്ടന്റുമാർ
തൊഴിൽ കോഡുകൾ നടപ്പാക്കുന്നതിനുമുന്നോടിയായി സംസ്ഥാനങ്ങളിൽ ലീഗൽ കൺസൾട്ടന്റുമാരെ നിയോഗിക്കുമെന്ന് തൊഴിൽ സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പൊതുപട്ടികയിലാണ് തൊഴിൽനിയമങ്ങൾ എന്നതിനാൽ സംസ്ഥാനങ്ങളിലെ നിയമങ്ങൾ പഠിക്കാൻ വേണ്ടിയാണിത്.
സംസ്ഥാനങ്ങളിലെ നിയമങ്ങൾ കേന്ദ്രതൊഴിൽകോഡുകൾക്കുവിധേയമായി വേണമെന്ന കാഴ്ചപ്പാടിലാണ് സംസ്ഥാനങ്ങളിലെ നിയമങ്ങൾ പഠിക്കാനുള്ള തീരുമാനമെന്നും തൊഴിൽസെക്രട്ടറി വ്യക്തമാക്കി. നിയമങ്ങളിൽ വൈരുധ്യമുണ്ടോയെന്ന് കൺസൾട്ടന്റുമാർ പരിശോധിക്കും.
തൊഴിൽ കോഡുകൾ നടപ്പാക്കുമ്പോൾ സംസ്ഥാനനിയമങ്ങളിലും അതനുസരിച്ചുള്ള മാറ്റങ്ങൾ വേണ്ടിവരും. ലീഗൽ കൺസൾട്ടന്റുമാർവഴി ഇത് ഉറപ്പാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.