ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിൽ സി.ആർ.പി.എഫും ഭീകരരും തമ്മിൽ വെള്ളിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഇതിൽ അഞ്ചുപേർ സുരക്ഷാ സൈനികരും രണ്ടുപേർ ഭീകരരും ഒരാൾ നാട്ടുകാരനുമാണ്. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈനികവക്താവ് പറഞ്ഞു. ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതി അനുകൂലമാക്കിയാണ് ഭീകരരുടെ പോരാട്ടം.

സുരക്ഷാസേന കൊന്ന രണ്ടുഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ജമ്മു പോലീസ് അധികൃതർ പറഞ്ഞു. ഇവർ ഏതു ഭീകരസംഘടനയിൽപ്പെട്ടവരാണെന്ന്‌ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച ഏറ്റുമുട്ടലിൽ പരിക്കേറ്റ സി.ആർ.പി.എഫ്. ജവാൻ ശ്യാം നാരയൺ സിങ് യാദവാണ് ഞായറാഴ്ച മരിച്ചത്. വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഇൻസ്പെക്ടർ പിന്റു, കോൺസ്റ്റബിൾമാരായ വിനോദ്, നസീർ അഹമ്മദ്, ഗുലാം മുസ്തഫ എന്നിവർ കൊല്ലപ്പെട്ടിരുന്നു. നാട്ടുകാരനായ വാസിം അഹമ്മദ് മിർ ആണ് കൊല്ലപ്പെട്ട നാട്ടുകാരൻ. വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഭീകരർ ഒളിവിലുണ്ടെന്ന വിവരത്തെത്തുടർന്ന് വെള്ളിയാഴ്ചരാവിലെയാണ് വടക്കൻ കശ്മീരിലെ ബാബഗുണ്ട മേഖലയിൽ സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ഭീകരർ താവളമടിച്ചിരുന്നത്. ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. പ്രദേശത്തുനിന്ന് വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി സുരക്ഷാസേനാ വക്താവ് പറഞ്ഞു. കൂടുതൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടാകാമെന്നതിനാൽ ഇനിയൊരറിയിപ്പുവരെ സ്ഥലത്തേക്ക്‌ തിരിച്ചുപോകരുതെന്ന് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകി.