ദെഹ്റാദൂൺ: ഹരിദ്വാറിലെ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ ‘ഷാഹി സ്നാ‌ന’ത്തിൽ പങ്കെടുക്കാൻ തിങ്കളാഴ്ച ഗംഗാതീരത്തെത്തിയത് ഏകദേശം 17.31 ലക്ഷം ഭക്തർ. 13 അഖാഡകളിലെ സന്ന്യാസിമാരുടെ നേതൃത്വത്തിൽ നടന്ന ശോഭായാത്രയ്ക്കുശേഷമാണ് ഭക്തർ ഗംഗയിൽ മുങ്ങിക്കുളിച്ചത്.

വിവിധ അഖാഡകളുടെ നിയന്ത്രണത്തിലുള്ള കടവുകളിൽ അതത് സന്ന്യാസിസമൂഹത്തിന്റെ അനുയായികളും തീർഥാടകരുമാണ് സ്നാനകർമങ്ങൾ അനുഷ്ഠിച്ചത്. ഈ സമയം ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്, നേപ്പാളിലെ മുൻ രാജാവ് ഗ്യാനേന്ദ്ര ബീർ ബിക്രം ഷാ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ കടുത്ത മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, വലിയ ജനക്കൂട്ടമെത്തിയ ചടങ്ങിൽ പൂർണമായും അവ നടപ്പാക്കാനായില്ലെന്ന് ഐ.ജി. സഞ്ജയ് ഗുഞ്ജ്യാൽ പറഞ്ഞു. 20,000 പോലീസുകാരെയാണ് സുരക്ഷയ്ക്കും കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനുമായി നിയോഗിച്ചിരുന്നത്. 12 വർഷത്തിലൊരിക്കലാണ് കുംഭമേള സംഘടിപ്പിക്കാറ്്. സാധാരണഗതിയിൽ നാലുമാസം നീണ്ടു നിൽക്കുന്ന കുംഭമേള ഇത്തവണ കോവിഡ് സാഹചര്യം പരിഗണിച്ച് ഒരുമാസമായി വെട്ടിച്ചുരുക്കി.