അർധകുംഭമേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ തുടക്കമായി. ലക്ഷക്കണക്കിന് വിശ്വാസികളാണ് പഴയ അലഹാബാദിലെ ത്രിവേണീസംഗമഭൂവിലേക്ക് ആത്മീയസായൂജ്യം തേടി എത്തിക്കൊണ്ടിരിക്കുന്നത്.

ഗംഗ, യമുന, സരസ്വതീനദികൾ ഒത്തുചേരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് കുംഭമേള നടക്കുന്നത്. മകരസംക്രാന്തിയിലെ കൊടുംതണുപ്പിൽ നദീസംഗമത്തിൽ പുലർച്ചെ കുളിച്ചും പ്രാർഥിച്ചും പാപമോക്ഷം തേടിയെത്തുന്ന വിശ്വാസികളുടെ തിരക്കാണ് പ്രയാഗ്‌രാജിൽ. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖനേതാക്കളും കുംഭമേളയുടെ ആദ്യദിനത്തിൽ ഗംഗാസ്‌നാനത്തിനെത്തി. ത്രിവേണീസംഗമത്തിൽ നിമജ്ജനംചെയ്യുന്ന ചിത്രം ട്വിറ്ററിലൂടെയാണ് സ്മൃതി ഇറാനി പുറത്തുവിട്ടത്.

കൂടുതൽ നേതാക്കൾ വരുംദിവസങ്ങളിൽ പ്രയാഗ്‌രാജിൽ എത്തുന്നുണ്ട്. വിശ്വാസികൾക്കുപുറമേ വിനോദസഞ്ചാരികളും വിദേശസഞ്ചാരികളും ഇങ്ങോട്ട് പ്രവഹിക്കുകയാണ്. മാർച്ച് നാലിന് ത്രിവേണീസംഗമത്തിലെ സ്നാനത്തോടെയാണ് അർധകുംഭമേളയ്ക്ക് സമാപനം കുറിക്കുക. കുംഭമേള ചടങ്ങുകളിൽ പങ്കെടുക്കാനും കാണാനുമായി 12 കോടി സന്ദർശകരെങ്കിലും എത്തുമെന്നാണ് യു.പി സർക്കാർ പ്രതീക്ഷിക്കുന്നത്. 600 ഭക്ഷണശാലകളും ഒരുലക്ഷം ശൗചാലയങ്ങളും പതിനായിരത്തിലേറെ താത്‌കാലിക ഇടത്താവളങ്ങളും 1200 താത്‌കാലിക ആഡംബര വസതികളുമാണ് സന്ദർശകർക്കായി യു.പി. സർക്കാർ ഒരുക്കിയിട്ടുള്ളത്.