അർധകുംഭമേളയ്ക്കായി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ഒരുങ്ങി.

പഴയ അലഹബാദിലെ ത്രിവേണീസംഗമത്തിൽ സ്നാനത്തിനും പൂജകൾക്കും പ്രാർഥനകൾക്കുമായി ലക്ഷക്കണക്കിന് തീർഥാടകർ ഇതിനകംതന്നെ എത്തിക്കഴിഞ്ഞു. അർധകുംഭമേളയാണ് ഇത്തവണത്തേത്. ജനുവരി 15-ന് തുടങ്ങി മാർച്ച് നാലുവരെയാണ് മേള. പ്രധാന ചടങ്ങുകൾ ചൊവ്വാഴ്ച ആരംഭിക്കും. പതിനായിരത്തോളം താത്‌കാലിക ഇടത്താവളങ്ങളും പ്രത്യേക പാതകളും പന്തലുകളും പാലങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. കൊടുംതണുപ്പിനിടയിലും പ്രയാഗ്‌രാജിലേക്ക് തീർഥാടകപ്രവാഹമാണിപ്പോൾ.

എല്ലാ തവണത്തേക്കാളും കൂടുതൽ വിദേശസഞ്ചാരികളെയാണ് യു.പി. സർക്കാർ ഇത്തവണ പ്രതീക്ഷിക്കുന്നത്. വിദേശസഞ്ചാരികൾ ധാരാളമായി ഇതിനകം പ്രയാഗ്‌രാജിൽ എത്തിയിട്ടുണ്ട്. ഇവർക്കായി 1200 ആഡംബര ടെന്റുകളും പ്രത്യേക ഭക്ഷണശാലകളും പ്രയാഗ്‌രാജിലെ മണപ്പുറത്ത് ഒരുക്കി. പ്രയാഗ് രാജിലേക്ക് കൂടുതൽ ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്. പ്രയാഗ്‌രാജിൽ കുംഭമേളയുടെ മോടികൂട്ടാനായി എങ്ങും ചുവർചിത്രങ്ങളും പെയിന്റിങ്ങുകളും തയ്യാറാക്കിയിട്ടുണ്ട്.

അതിനിടെ കുംഭമേളയിൽ താമസസൗകര്യമൊരുക്കിയ സ്ഥലത്ത് തീപ്പിടിത്തമുണ്ടായി. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അഗ്നിശമനസേന എത്തി ഉടൻതന്നെ തീയണച്ചു. ദിഗംബർ അഖാഡയിൽ ഭക്ഷണം പാകംചെയ്യാൻ എത്തിച്ച സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തീയും പുകയുമുയർന്നെങ്കിലും ആളപായമില്ല. കുംഭമേള നടക്കുന്ന സ്ഥലത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുള്ളതിനാൽ പെട്ടെന്നുതന്നെ തീയണയ്ക്കാൻ കഴിഞ്ഞു. ദുരന്തനിവാരണസേനയുടെ യൂണിറ്റിനെയും പ്രയാഗ്‌രാജിൽ വിന്യസിച്ചിട്ടുണ്ട്.