ബംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാണാന്‍ വിധാന്‍സൗധയിലെത്തിയ ആയിരങ്ങളെ കനത്ത മഴ ആശങ്കയിലാക്കിയെങ്കിലും പ്രവര്‍ത്തകരുടെ ആവേശം ചോര്‍ന്നില്ല.

എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിരിക്കെയാണ് നഗരത്തില്‍ കനത്ത മഴപെയ്തത്. ചടങ്ങ് അലങ്കോലപ്പെടുമോയെന്ന ആശങ്കയിലായി കോണ്‍ഗ്രസ്-ജെ.ഡി.എസ്. പ്രവര്‍ത്തകര്‍. ബാനറുകളും മറ്റും ഉപയോഗിച്ചാണ് പലരും മഴനനയാതെ നിന്നത്. ചില ജെ.ഡി.എസ്. പ്രവര്‍ത്തകരാകട്ടെ ആവേശത്തോടെ മഴയത്ത് നൃത്തംചെയ്തു. അതിനിടെ മഴ തുടര്‍ന്നാല്‍ ചടങ്ങ് ബാങ്ക്വെറ്റ് ഹാളിലേക്ക് മാറ്റിയേക്കുമെന്ന് അഭ്യൂഹം പ്രചരിച്ചു. എങ്കിലും സത്യപ്രതിജ്ഞാച്ചടങ്ങിന് സമയമായപ്പോള്‍ മഴ മാറിനിന്നതോടെ ആശ്വാസമായി.

സത്യപ്രതിജ്ഞാച്ചടങ്ങിനായി വന്‍ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ഒരു ലക്ഷത്തോളം പേര്‍ക്ക് ചടങ്ങ് നേരിട്ട് വീക്ഷിക്കാനുള്ള സൗകര്യം വിധാന്‍സൗധയ്ക്കുമുമ്പില്‍ ഏര്‍പ്പെടുത്തി. വിധാന്‍ സൗധയുടെ പടികള്‍ക്കുമുന്നില്‍ 3000 വി.വി.ഐ.പി.കള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിരുന്നു. മുന്നിലെ റോഡ് ജനങ്ങളെക്കൊണ്ട് നിറഞ്ഞു. ജനക്കൂട്ടം ഇങ്ങോട്ടേക്കൊഴുകിയതിനാല്‍ സമീപപ്രദേശങ്ങളിലെ റോഡുകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

മൂന്നരയോടെ ചടങ്ങിലേക്ക് വിവിധ നേതാക്കള്‍ എത്തിക്കൊണ്ടിരുന്നു. ഡി.കെ. ശിവകുമാര്‍ വേദിയിലെത്തുമോയെന്നായിരുന്നു ആശങ്ക. അതേസമയം, ഹോട്ടലില്‍നിന്ന് ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. കേരളാമുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവര്‍ ഉച്ചയ്ക്കുമുമ്പുതന്നെ ബെംഗളൂരുവിലെത്തിയിരുന്നു.

ക്ഷേത്രദര്‍ശനം നടത്തി കുമാരസ്വാമിയും പരമേശ്വരയുംസത്യപ്രതിജ്ഞയ്ക്കുമുന്നോടിയായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാവിലെ മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭാര്യ അനിത കുമാരസ്വാമിയും ഒപ്പമുണ്ടായിരുന്നു. ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഡോ. ജി. പരമേശ്വര ആര്‍.ടി. നഗറിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

വേദി വിലയിരുത്തി ദേവഗൗഡ
ജെ.ഡി.എസ്. ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ രാവിലെത്തന്നെ സത്യപ്രതിജ്ഞാവേദിയിലെ ഒരുക്കങ്ങള്‍ നിരീക്ഷിക്കാനെത്തിയിരുന്നു. ചീഫ് സെക്രട്ടറി രത്‌നപ്രഭ ദേവഗൗഡയ്ക്ക് വേദിയിലെ ക്രമീകരണങ്ങള്‍ വിശദീകരിച്ചു കൊടുത്തു. മകന്‍ കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ അതി സന്തുഷ്ടനായിരുന്നു അദ്ദേഹം.


ഒന്നിച്ചെത്തി ഗൗഡ കുടുംബംസത്യപ്രതിജ്ഞാച്ചടങ്ങില്‍ കുമാരസ്വാമിയുടെ കുടുംബാംഗങ്ങള്‍ എല്ലാവരും എത്തിയിരുന്നു. അമ്മ ചെന്നമ്മ, ഭാര്യ അനിത കുമാരസ്വാമി, മകന്‍ നിഖില്‍, സഹോദരനും എം.എല്‍.എ.യുമായ എച്ച്.ഡി. രേവണ്ണ, ഭാര്യ ഭവാനി രേവണ്ണ, മകന്‍ പ്രജുല്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.