ബെംഗളൂരു: മാണ്ഡ്യയിൽ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്താൻ കോൺഗ്രസും മറ്റുള്ളവരും ചേർന്ന് ചക്രവ്യൂഹം തീർത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യസ്ഥാനാർഥിയായാണ് നിഖിൽ കുമാരസ്വാമി. എന്നാൽ, സ്വതന്ത്രസ്ഥാനാർഥി സുമലതയ്ക്കുവേണ്ടി കോൺഗ്രസും ബി.ജെ.പി.യും ഒന്നിച്ച് പ്രചാരണം നടത്തുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോൺഗ്രസ്-ജനതാദൾ-എസ് സഖ്യത്തിന് തിരിച്ചടിയാകുന്നതാണ് കുമാരസ്വാമിയുടെ പ്രസ്താവന. മാണ്ഡ്യയിൽ നിഖിൽ കുമാരസ്വാമി കടുത്ത ഭീഷണിയാണ് നേരിടുന്നതെന്ന് ഇതിൽനിന്ന്‌ വ്യക്തമാണ്. പ്രാദേശികനേതാക്കളെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം പൂർണമായും ഫലിച്ചിട്ടില്ല. ഇതിലുള്ള കടുത്ത അതൃപ്തിയാണ് കുമാരസ്വാമിയുടെ പ്രസ്താവനയിലൂടെ വ്യക്തമായത്.

മാണ്ഡ്യയിൽ കോൺഗ്രസ് നേതാക്കൾ പ്രചാരണം നടത്തുന്നത് സ്വതന്ത്ര സ്ഥാനാർഥി സുമലതയ്ക്കുവേണ്ടിയാണ്. മാണ്ഡ്യയിലെ കാര്യങ്ങൾ കൈവിട്ടുപോകുകയാണ്. സുമലതയ്ക്ക് കൂടുതൽ പിന്തുണ ലഭിക്കുകയാണ്. കോൺഗ്രസ്, ബി.ജെ.പി., കർഷകസംഘടനകൾ എന്നിവരുടെ പിന്തുണ സുമലതയ്ക്കുണ്ട്. ജനതാദൾ-എസിനെ ചവിട്ടിമെതിക്കാനാണ് ഇവർ കൈകോർത്തിരിക്കുന്നത്. എല്ലാവരുംചേർന്ന് നിഖിൽ കുമാരസ്വാമിക്കെതിരേ പ്രവർത്തിക്കുകയാണ് -അദ്ദേഹം പറഞ്ഞു.

മാണ്ഡ്യയിലെ ഭിന്നത മൈസൂരുവിലേക്കും പടർന്നിരിക്കുകയാണ്. മൈസൂരുവിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നതിന് ദൾനേതാവും മന്ത്രിയുമായ ജി.ടി. ദേവഗൗഡ വിളിച്ച യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമുദ്രാവാക്യം വിളിച്ചാണ് ദൾ പ്രവർത്തകർ പ്രതിഷേധിച്ചത്.

മാണ്ഡ്യയിലെ കോൺഗ്രസ് പ്രവർത്തകർ തന്നോടൊപ്പമാണെന്ന് സുമലതയും പറഞ്ഞു. തന്നെ പരാജയപ്പെടുത്താൻ സർക്കാർസംവിധാനം പൂർണമായും ഉപയോഗിക്കുകയാണെന്ന് സുമലത ആരോപിച്ചു. മന്ത്രിമാരും എം.എൽ.എ.മാരും മാണ്ഡ്യയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ്. തരംതാഴ്ന്ന രാഷ്ട്രീയമാണ് ദൾ നേതാക്കളുടേത് -അവർ കുറ്റപ്പെടുത്തി. വൊക്കലിഗ സമുദായത്തിന് നിർണായക സ്വാധീനമുള്ളതിനാലാണ് ജനതാദൾ-എസ് മാണ്ഡ്യ തിരഞ്ഞെടുത്തത്. കോൺഗ്രസിനും ദളിനും നിർണായകസ്വാധീനമുള്ള മാണ്ഡ്യയിൽ സുമലത സ്ഥാനാർഥിയായതോടെ കണക്കുകൂട്ടലുകൾ തെറ്റിയിരിക്കുകയാണ്.

content highlights: Kumaraswamy on mandya election and congress