ന്യൂഡല്‍ഹി: ഡീസല്‍ സബ്‌സിഡി ഇനത്തില്‍ ലഭിച്ച 62 കോടി രൂപയും പലിശയും കെ.എസ്.ആര്‍.ടി.സി. എണ്ണക്കമ്പനിക്ക് മടക്കിനല്‍കണമെന്ന് സുപ്രീംകോടതി. ഇളവുനല്‍കണമെന്ന് കോടതിക്ക് ഉത്തരവിടാനാവില്ല. ഇക്കാര്യം കേന്ദ്രത്തിന് വേണമെങ്കില്‍ പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ശാന്തന ഗൗഡര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഇളവുനല്‍കുന്ന കാര്യം കോടതിയില്‍ ഉറപ്പുനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചു.

ഒട്ടേറെപ്പേര്‍ക്ക് സൗജന്യയാത്രയുള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്ന തങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന കെ.എസ്.ആര്‍.ടി.സി.യുടെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. സബ്‌സിഡിയുടെ ആനുകൂല്യം വേണമെന്ന് നിര്‍ബന്ധം പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് കെ.എസ്.ആര്‍.ടി.സി. പണം നല്‍കണം. അല്ലാത്തപക്ഷം, നേരത്തേ കോടതിയില്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം.

കെ.എസ്.ആര്‍.ടി.സി.ക്ക് ഇളവ് നല്‍കിക്കൂടേയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു. എന്നാല്‍, ഇക്കാര്യം തനിക്ക് ഇപ്പോള്‍ പറയാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ വാങ്ങുന്നതിനുള്ള സബ്‌സിഡി 2013 ജനുവരി 17-നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി.ക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് 2013 മാര്‍ച്ച് 21-ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അതേവര്‍ഷം സെപ്റ്റംബര്‍ 16-ന് സുപ്രീംകോടതി അത് സ്റ്റേചെയ്തു. ഇതിനിടയിലുള്ള ദിവസങ്ങളില്‍ സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കിയ ഇനത്തില്‍ കെ.എസ്.ആര്‍.ടി.സി. 62 കോടി നല്‍കാനുണ്ടെന്ന്് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷെ രാജന്‍ ശങ്കറും കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി അഡ്വ. ദീപക് പ്രകാശും ഹാജരായി.