തിരുവനന്തപുരം: കെ.പി.സി.സി. ഭാരവാഹികളെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് അന്തിമരൂപമായി. അഞ്ചുവര്‍ഷം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നവരെ വീണ്ടും പരിഗണിക്കില്ല. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. 

നേരത്തേ നിശ്ചയിച്ചതുപോലെ 15 ജനറല്‍ സെക്രട്ടറിമാരും മൂന്ന് വൈസ് പ്രസിഡന്റുമാരുമുണ്ടാകും. എക്‌സിക്യുട്ടീവ് അംഗങ്ങളടക്കം 51 പേരുള്‍പ്പെടുന്ന സമിതിയാകും വരിക. സ്ഥാനമൊഴിഞ്ഞ 14 ഡി.സി.സി. പ്രസിഡന്റുമാരെ നേരിട്ട് കെ.പി.സി.സി.യുടെ പ്രധാന ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരില്ല. അവരെ എക്‌സിക്യുട്ടീവില്‍ ഉള്‍പ്പെടുത്തും. എം.പി.മാര്‍, എം.എല്‍.എ.മാര്‍ എന്നിവര്‍ക്കും ഭാരവാഹിത്വമുണ്ടാകില്ല. എന്നാല്‍, തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് ഭാരവാഹിത്വത്തിന് വിലക്കില്ല. യുവാക്കള്‍ക്കും വനിതകള്‍ക്കും മെച്ചപ്പെട്ട പ്രാതിനിധ്യമുണ്ടാകും. എന്നാല്‍, പ്രായനിബന്ധന നിര്‍ബന്ധമാക്കില്ല.

ഭാരവാഹികളെ സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെയും രമേശിന്റെയും നിര്‍ദേശം പരിഗണിക്കും. തുടര്‍ ചര്‍ച്ചകളുമുണ്ടാവും.