ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു ഉറപ്പ് നൽകിയതായി വി. മുരളീധരൻ എം.പി. പറഞ്ഞു. ഇതുസംബന്ധിച്ച നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് കേന്ദ്രവ്യോമയാനമന്ത്രി സുരേഷ് പ്രഭു നൽകിയിട്ടുണ്ട്.

മുരളീധരന്റെ നേതൃത്വത്തിൽ മലബാർ ഡെവലപ്‌മെന്റ് ഫോറം നേതാക്കൾ വെള്ളിയാഴ്ച കോഴിക്കോട് വിമാനത്താവളം നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി നിവേദനം നൽകിയിരുന്നു. പാർലമെന്റ് സമ്മേളനകാലത്ത് ഇക്കാര്യത്തിൽ തുടർചർച്ചകൾ നടക്കുമെന്ന് മുരളീധരൻ അറിയിച്ചു.

നിവേദകസംഘത്തിൽ മലബാർ ഡെവലപ്‌മെന്റ് ഫോറം നേതാക്കളായ കെ.എം. ബഷീർ, ഹസ്സൻ തിക്കോടി, സെയ്ഫുദ്ദീൻ, ജോബി ജോർജ്, സുൽഫിക്കർ, അബ്ദുള്ള കാവുങ്കൽ എന്നിവരുമുണ്ടായിരുന്നു.