കോഴിക്കോട്: മഴ പെയ്യുകയല്ല, കേരളത്തെ വിഴുങ്ങുകയാണ്. നിർത്താതെ പെയ്യുന്ന പേമാരിയിൽ നാടാകെ പ്രളയത്തിൽ മുങ്ങി. എത്രയോ മനുഷ്യജീവനുകൾ നഷ്ടമായി. വീടുകളും കെട്ടിടങ്ങളും തകർന്നു. ഉരുൾപൊട്ടലുകൾ ഗ്രാമങ്ങളെ ഇല്ലാതാക്കി. റോഡുകൾ തകർന്നു. ജീവിതം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ പറിച്ചുനട്ട എത്രയോ മനുഷ്യർ... കേരളം മഹാപ്രളയത്തിനു മുമ്പിൽ പകച്ചുനിൽക്കുകയാണ്; ഒരു തിരിച്ചുവരവിന് ഒരുപാട് കാലമെടുക്കും എന്ന തിരിച്ചറിവോടെ.

സർക്കാർ ആവുന്നത് ചെയ്യുന്നുണ്ട്. എന്നാൽ, പ്രളയത്തിന്റെയും നാശനഷ്ടങ്ങളുടെയും വ്യാപ്തി നോക്കുമ്പോൾ സർക്കാർ മാത്രം വിചാരിച്ചാൽ പൂർണമായി ഒന്നും ചെയ്യാനാവില്ല. സുരക്ഷിതജീവിതം നയിക്കുന്ന ഓരോ വ്യക്തിക്കും ദുരിതബാധിതരെയും നാടിനെയും സഹായിക്കാനുള്ള ബാധ്യതയുണ്ട്. വിദേശമലയാളികൾക്കും നാടിന്റെ പുനർനിർമാണത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാവും.

ഗുജറാത്ത് ഭൂകമ്പത്തിലും ചെെന്നെ വെള്ളപ്പൊക്കത്തിലും ഓഖി ദുരന്തത്തിലും കുട്ടനാട്ടിലെ പ്രളയത്തിലും ആശ്വാസത്തിന്റെ കൈത്താങ്ങുമായെത്തിയ മാതൃഭൂമി ഈ സമയത്ത് സഹായത്തിനും സാന്ത്വനത്തിനുമുള്ള വാതിലുകൾ തുറന്നിടുന്നു. ഇതിനു മുമ്പുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിർലോഭമായ സഹായങ്ങളാണ് മാതൃഭൂമിവഴി ജനങ്ങൾ ദുരിതമനുഭവിക്കുന്നവരിലേക്ക് എത്തിച്ചത്.

പണമാണ് ദുരിതാശ്വാസത്തിനായി അത്യാവശ്യം വേണ്ടത്. മരുന്ന്, എളുപ്പം കേടാകാത്ത ടിന്നിലടച്ച ഭക്ഷണസാധനങ്ങൾ, അരി, പഞ്ചസാര, ബിസ്‌കറ്റ്, െറസ്‌ക്, ഏത്തപ്പഴം, ആട്ട, പയർവർഗങ്ങൾ, തീപ്പെട്ടി, മെഴുകുതിരി, നൈറ്റി, അടിവസ്ത്രങ്ങൾ, കിടക്കവിരി, തോർത്ത്, കമ്പിളിപ്പുതപ്പ്, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ (വസ്ത്രങ്ങൾ പുതിയത് മാത്രം), സാനിറ്ററി പാഡുകൾ, സോപ്പ്, ഡെറ്റോൾ, ബ്ലീച്ചിങ് പൗഡർ എന്നിവയും അവശ്യവസ്തുക്കളാണ്. തങ്ങൾക്കാവുന്നത് വ്യക്തികൾക്കും സംഘടനകൾക്കും വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കും ചെയ്യാം.

സാമ്പത്തികസഹായം നേരിട്ട് തൊട്ടടുത്തുള്ള മാതൃഭൂമി ഓഫീസുകളിൽ എത്തിക്കുകയോ ഇനിപറയുന്ന അക്കൗണ്ട് നമ്പറിൽ നിക്ഷേപിക്കുകയോ ചെയ്യാം. കറന്റ് അക്കൗണ്ട്് നമ്പർ: 37831488523 (SBI, KANNUR ROAD, KOZHIKKODE, ഐ.എഫ്.എസ്. കോഡ്: SBIN0070188). നിങ്ങൾ നൽകുന്ന സഹായങ്ങൾ മാതൃഭൂമി സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഏൽപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കുക: 7561099000.