കോഴിക്കോട്: ജി.എസ്.ടി. നടപ്പായശേഷം നികുതി കുത്തനെ ഉയര്‍ന്നതോടെ പ്രവാസികള്‍ അയക്കുന്ന പാഴ്‌സലുകളില്‍ 90 ശതമാനത്തിന്റെ കുറവ്. 41 ശതമാനം നികുതിയാണ് പാഴ്‌സലിന് ഇപ്പോള്‍ ഈടാക്കുന്നത്. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 28 ശതമാനം ജി.എസ്.ടി.യും മൂന്നുശതമാനം സെസും ചേര്‍ത്താണിത്.

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന സമ്മാനങ്ങളില്‍ 20,000 രൂപ വരെയുള്ളവയ്ക്ക് അനുവദിച്ചിരുന്ന നികുതിയിളവ് കേന്ദ്രധനമന്ത്രാലയം ജൂണ്‍ 30-ന് പിന്‍വലിച്ചിരുന്നു. കാര്‍ഗോ വഴി അയക്കുന്ന പാഴ്‌സലുകള്‍ക്ക് 24 വര്‍ഷമായി അനുവദിച്ച നികുതിയിളവാണ് മുന്നറിയിപ്പില്ലാതെ പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കിയത്.

ഡല്‍ഹി, ബെംഗളൂരു, മുംബൈ, കൊച്ചി വിമാനത്താവളങ്ങള്‍ വഴിയാണ് അംഗീകൃത കൂറിയര്‍ ഏജന്‍സികള്‍ പ്രവാസികളുടെ പാഴ്‌സലുകള്‍ നാട്ടില്‍ എത്തിക്കുന്നത്. നേരത്തെ പ്രതിദിനം 1100 മുതല്‍ 1500 പാഴ്‌സലുകള്‍ നാല് വിമാനത്താവളങ്ങള്‍വഴി നാട്ടില്‍ എത്തിച്ചിരുന്നു. ജൂലായ് മുതല്‍ വരുന്ന പാഴ്‌സലുകളുടെ എണ്ണം 95 മുതല്‍ 105 വരെയായി കുറഞ്ഞെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കാര്‍ഗോ ഏജന്റ്‌സ് (മിഡില്‍ ഈസ്റ്റ്) പ്രസിഡന്റ് മുഹമ്മദ് സാദിഖ് പറയുന്നു.

1993-ലാണ് പ്രവാസികള്‍ അയക്കുന്ന പാഴ്‌സലിന് കേന്ദ്രസര്‍ക്കാര്‍ നികുതിയിളവ് നല്‍കിത്തുടങ്ങിയത്. തുടക്കത്തില്‍ 5000 രൂപ വരെയുള്ളവയ്ക്കായിരുന്നു നികുതിയിളവ് നല്‍കിയിരുന്നത്. 2010-ല്‍ 10,000 രൂപയായും 2016-ല്‍ 20,000 രൂപയായും ഈ പരിധി ഉയര്‍ത്തി. ഈ ആനുകൂല്യമാണ് കേന്ദ്രം റദ്ദാക്കിയിരിക്കുന്നത്.

നികുതി ഏര്‍പ്പെടുത്തുന്ന വിവരം മുന്‍കൂട്ടി അറിയിക്കാതിരുന്നതിനാല്‍ ജൂണ്‍ 30-നുമുന്‍പ് അയച്ച പാഴ്‌സലുകള്‍ അടുത്തദിവസം നാട്ടില്‍ എത്തിയപ്പോള്‍ 41 ശതമാനം നികുതി അടയ്‌ക്കേണ്ട സ്ഥിതിവന്നു. 500 ടണ്‍ പാഴ്‌സലുകള്‍ ആഴ്ചകളോളം നാല് വിമാനത്താവളങ്ങളിലും കെട്ടിക്കിടക്കുന്നു. പിന്നീട് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട്, നികുതിയടയ്‌ക്കേണ്ട തുകകൂടി അവരില്‍നിന്ന് ഈടാക്കുമെന്ന വ്യവസ്ഥയില്‍ കാര്‍ഗോ കമ്പനികള്‍തന്നെ നികുതിയടച്ച് ഇത് വിതരണം ചെയ്തു. ഇപ്പോഴും 50 ടണ്‍ പാഴ്‌സല്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് കാര്‍ഗോ ഏജന്റുമാര്‍ പറയുന്നു.

ബജറ്റ് എയര്‍ലൈനുകളെ ആശ്രയിച്ച് നാട്ടില്‍വരുന്ന പ്രവാസികളെയാണ് പുതിയ നികുതിസമ്പ്രദായം ഏറെ ദോഷകരമായി ബാധിച്ചത്. ഇവര്‍ക്ക് വിമാനത്തില്‍ പരമാവധി 20 മുതല്‍ 30 കിലോ സാധനങ്ങള്‍മാത്രമേ അധിക ചെലവില്ലാതെ കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. ഇതിനുശേഷമുള്ള ഓരോ കിലോയ്ക്കും 600 രൂപയോളം ഫീസ് നല്‍കണം. അതേസമയം, കാര്‍ഗോ ഏജന്‍സികള്‍വഴി കൂറിയറായി 20 കിലോവരെ സാധനം അയച്ചാല്‍ കിലോയ്ക്ക് 200 രൂപയോളം കാര്‍ഗോചാര്‍ജായി നല്‍കിയാല്‍ മതിയായിരുന്നു.

പ്രവാസികള്‍ അയക്കുന്ന പാഴ്‌സലുകള്‍ക്ക് നേരത്തെ നല്‍കിയിരുന്ന നികുതിയിളവ് പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാനസര്‍ക്കാരും കേരളത്തില്‍നിന്നുള്ള എം.പി.മാരും കേന്ദ്രധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.