മുംബൈ: മഹാരാഷ്ട്രയിൽ കൊങ്കൺ മേഖലയിലടക്കം മഴ ശക്തമായി തുടർന്നതിനാൽ കൊങ്കൺ തീവണ്ടിപ്പാത തുടർച്ചയായി രണ്ടാം ദിവസവും അടഞ്ഞുകിടന്നു. വ്യാഴാഴ്ച കാലത്തുമുതൽ വിവിധ റെയിൽവേസ്റ്റേഷനുകളിൽ തീവണ്ടികൾ നിർത്തിയിട്ടിരിക്കുകയായിരുന്നു. യാത്രക്കാർക്ക് വെള്ളവും ഭക്ഷണവും കൊങ്കൺ റെയിൽവേ വിതരണം ചെയ്തെങ്കിലും ഇവരെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതിൽ ഒരു തീരുമാനവും എടുക്കാൻ കഴിഞ്ഞിട്ടില്ല.

ലോണ്ട-മീറജ് റൂട്ടിൽ മുംബൈയിലേക്കുള്ള മംഗളൂരു എക്സ്‌പ്രസ് പാളം തെറ്റിയതിനെത്തുടർന്ന് ഇതുവഴിയുള്ള തീവണ്ടിഗതാഗതവും തടസ്സപ്പെട്ടു. ഇതോടെ മുംബൈയിലേക്കും കേരളത്തിലേക്കുമുള്ള വണ്ടികൾ വഴിതിരിച്ചുവിടാൻ കഴിയാത്ത അവസ്ഥയിലുമായി. ദുധ്‌സാഗർ-സൊണോലിം സ്റ്റേഷനുകൾക്കിടയിലാണ് അപകടം. ആർക്കും പരിക്കില്ല. വണ്ടിയിലെ 345 യാത്രക്കാരെയും പിന്നീട് തിരികെ മഡ്ഗാവിൽ എത്തിച്ചു. ഈ പ്രദേശത്ത് രണ്ടിടത്ത് പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണതായും റെയിൽവേ അറിയിച്ചു. ഇതുവഴി ഓടേണ്ട വണ്ടികളും വെള്ളിയാഴ്ച റദ്ദാക്കി.

കൊങ്കൺപാതയിലെ വിവിധ റെയിൽവേസ്റ്റേഷനുകളിൽ പിടിച്ചിട്ട തീവണ്ടികളിൽ ഏകദേശം 6000 യാത്രക്കാരാണുള്ളത്. ഇതിൽ രത്നഗിരിയിലേക്കും മറ്റ് സമീപപ്രദേശങ്ങളിലേക്കുമുള്ളവർ റോഡ് മാർഗം പോയി. എന്നാൽ, മുംബൈയിലേക്കും മറ്റുമുള്ള യാത്രക്കാരാണ് തീവണ്ടികളിൽ കുടുങ്ങിയത്.

ചിപ്ലുൺ-കാംതെ സ്റ്റേഷനുകൾക്കിടയിലുള്ള വാഷിഷ്ടി നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്നാണ് കൊങ്കൺ പാത വഴിയുള്ള തീവണ്ടിഗതാഗതം തടസ്സപ്പെട്ടത്. ചിപ്ലുണിന്‌ സമീപപ്രദേശങ്ങളിൽ പലയിടത്തും പാളത്തിനടിയിലെ മണ്ണും കല്ലും ഒലിച്ചുപോയതിനാൽ മുംബൈ ഭാഗത്തുനിന്നെത്തിയ വണ്ടികൾ തിരികെ അയയ്ക്കാനും കഴിയാത്ത അവസ്ഥയിലുമായി. കേരളത്തിൽനിന്നുള്ള വണ്ടികളിലെ യാത്രക്കാരെ തിരികെ കേരളത്തിലേക്കുതന്നെ കൊണ്ടുപോകാൻ കഴിയുമോ എന്ന് അധികൃതർ ആലോചിക്കുന്നുണ്ട്. കനത്തമഴ തുടരുന്നതിനാൽ മുംബൈയിലേക്ക് റോഡു മാർഗം യാത്രക്കാരെ കൊണ്ടുവരുന്നതും സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് അധികൃതർ. പലയിടത്തും റോഡ് അപകടാവസ്ഥയിലാണ്.

ബുധനാഴ്ച പുറപ്പെട്ട ചണ്ഡീഗഢ്-കൊച്ചുവേളി (04560), നിസാമുദ്ദീൻ-എറണാകുളം മംഗള (02618), വ്യാഴാഴ്ച പുറപ്പെട്ട എൽ.ടി.ടി.-തിരുവനന്തപുരം നേത്രാവതി (06345), പോർബന്ദർ-കൊച്ചുവേളി (09262) എന്നീ വണ്ടികൾ വാഡി, ധർമവാരം, കൃഷ്ണരാജപുരം, ഷൊർണൂർ വഴി തിരിച്ചുവിട്ടു. വെള്ളിയാഴ്ച മുംബൈയിൽനിന്ന് പുറപ്പെടേണ്ട നേത്രാവതി, തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി (02431), എറണാകുളം-ഓഖ (06338), തിരുവനന്തപുരം-നിസാമുദ്ദീൻ പ്രതിവാര വണ്ടി (06083), ഏറണാകുളം-നിസാമുദ്ദീൻ മംഗള (02617), എൽ.ടി.ടി.-കൊച്ചുവേളി ഗരീബ്‌രഥ് (06163), ജൂലായ് 26-ന് പുറപ്പെടേണ്ട നിസാമുദ്ദീൻ-എറണാകുളം മംഗള (02618) എന്നിവ റദ്ദാക്കിയിട്ടുണ്ട്.

അടുത്ത കാലത്തൊന്നും ലഭിക്കാത്ത മഴയാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കൊങ്കൺ മേഖലയിൽ ലഭിച്ചത്.