ചെന്നൈ : കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശൈല്‍വത്തിന് തമിഴ് സിനിമാലോകത്തിന്റെ പിന്തുണയേറുന്നു.
കമല്‍ഹാസനുപിന്നാലെ പനീര്‍ശെല്‍വത്തെത്തുണച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി. അരവിന്ദ് സ്വാമി, ഗൗതമി, ടി. രാജേന്ദ്രര്‍, പാര്‍ഥിപന്‍, വിജയ് സേതുപതി, ആര്യ, എസ്.വി. ശേഖര്‍, രഞ്ജിനി, മന്‍സൂര്‍ അലിഖാന്‍ തുടങ്ങിയവര്‍ പനീര്‍ശെല്‍വത്തെ അനുകൂലിക്കുന്നവരാണ്.
 
പരസ്യമായി തങ്ങളുടെ നിലപാടുകള്‍ വെളിപ്പെടുത്താനും ഇവര്‍ തയ്യാറായി. ഇഴപിരിഞ്ഞു കിടക്കുന്ന തമിഴ് സിനിമാ - രാഷ്ട്രീയ മേഖലകളില്‍ താരങ്ങളുടെ വാക്കുകള്‍ക്ക് വിലയേറെയാണ്. വിഷയം സജീവചര്‍ച്ചയിലേക്ക് കൊണ്ടുവന്നത് കമല്‍ഹാസനാണ്. ടി.വി. ചാനലിനുനല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പദവിക്കുള്ള ശശികലയുടെ അര്‍ഹതയെ ചോദ്യംചെയ്ത കമല്‍ പരോക്ഷമായി പനീര്‍െശല്‍വത്തിനെ അനുകൂലിക്കുകയായിരുന്നു. സൂപ്പര്‍താരം രജനികാന്തിന്റെ മൗനവും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. എം.എല്‍.എ.മാരുടെ ഫോണ്‍ നമ്പറുകള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട് ശക്തമായ പ്രചാരണത്തിനാണ് അരവിന്ദ് സ്വാമി തുടക്കമിട്ടത്.

അതേസമയം, മുന്‍ എം.പി.യും ആക്ഷന്‍ താരവുമായ വിജയശാന്തിയുടെ പിന്തുണ ശശികലയ്ക്കാണ്. ഭൂരിപക്ഷം എം.എല്‍.എ.മാരുടെ പിന്തുണയുള്ള ശശികലയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഉടന്‍ വിളിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.