മുംബൈ: നാലരപ്പതിറ്റാണ്ടിനുശേഷം 91-കാരിയായ ഉമ്മയെ കാണാനായി എഴുപതുകാരനായ മകൻ നാട്ടിലേക്ക് പുറപ്പെട്ടു. സജദ്‌ തങ്ങൾ എന്ന കൊല്ലം സ്വദേശിക്ക്‌ ഇതൊരു അപൂർവമായ യാത്രതന്നെയാണ്. 1976 ഒക്ടോബർ 12-ന്‌ മുംബൈയിൽ നടന്ന ഇന്ത്യൻ എയർലൈൻസ്‌ വിമാനാപകടത്തിൽ മരിച്ചുവെന്നു കരുതിയിരുന്ന സജദിന് ജീവിതം ഇപ്പോൾ പുനർജന്മ സമാനമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ യാത്രചെയ്യാൻ ടിക്കറ്റ്‌ വരെ എടുത്തിരുന്ന തങ്ങൾ അവസാനനിമിഷം യാത്ര മാറ്റുകയായിരുന്നു. മലയാളി നടി റാണിചന്ദ്ര ഉൾപ്പെടെ 95 പേർ മരിച്ച വിമാനാപകടംകൂടിയായിരുന്നു ഇത്.

ഗൾഫിൽ കലാപരിപാടികളുടെയും മറ്റും സംഘാടകനായി പ്രവർത്തിച്ചുവരുകയായിരുന്നു സജദ്. സജദ് സംഘടിപ്പിച്ച ഒരുപരിപാടിയിൽ പങ്കെടുത്തു തിരിച്ചുപോകുമ്പോഴാണ് റാണിചന്ദ്ര ഉൾപ്പെടെയുള്ളവർ അപകടത്തിൽ കൊല്ലപ്പെടുന്നത്. സജദിന്റെ ഉറ്റകൂട്ടുകാരൻ സുധാകരനും ഈ അപകടത്തിൽ മരിച്ചിരുന്നു.

പുനഃസമാഗമത്തിനു വഴിയൊരുക്കിയത്‌ മുംബൈയിൽ അനാഥനായി കഴിഞ്ഞിരുന്ന സജദിനെ രണ്ടുവർഷത്തോളമായി ഏറ്റെടുത്ത് സംരക്ഷിച്ചുവന്ന പനവേലിലെ സീൽ ആശ്രമമാണ്‌. സജദ് ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് നാട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാൻ സഹോദരങ്ങൾ കഴിഞ്ഞദിവസം ഇവിടെയെത്തിയിരുന്നു.

സഹോദരങ്ങളുടെ പുനഃസമാഗമവും വികാരനിർഭരമായിരുന്നു. ഇവർക്കൊപ്പമാണ്‌ സജദ്‌ നേത്രാവതിയിൽ നാട്ടിലേക്ക്‌ പുറപ്പെട്ടത്‌. ഉമ്മയുമായും ഇതിനിടെ സജദ് ഫോണിൽ സംസാരിച്ചിരുന്നു.

കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്‌ കളരിമുക്ക്‌ പടനിലത്ത്‌ തെക്കേതിൽ വീട്ടിൽ സജദ്‌ തങ്ങൾ. അന്ന് വിമാനാപകടത്തിൽ കൂട്ടുകാരൻ മരിച്ചതോടെ മാനസികമായി തകർന്നുപോയ സജദ്‌ പിന്നീട്‌ ഗൾഫിൽ നിന്നില്ല. അവിടെനിന്ന്‌ മുംബൈയിലെത്തുകയായിരുന്നു. പിന്നെ 45 വർഷം വീട്ടുകാരെ തിരക്കാതെ, അവരോട് സംസാരിക്കാതെ പല തൊഴിലുമെടുത്ത് യാന്ത്രികമായി ഒറ്റപ്പെട്ടപോലെയൊരു ജീവിതം. പിന്നീട് സീൽ ആശ്രമം അധികൃതരുടെ പരിചരണത്തോടെ ജീവിതത്തിലേക്ക്‌ മടങ്ങിവന്ന സജദ്‌ തങ്ങൾ ഓർമകൾ പങ്കുവെച്ചതോടെ വീട്ടുകാരുമായി ആശ്രമം അധികൃതർ ബന്ധപ്പെട്ടു. ഇതോടെയാണ് പുതുജീവിതത്തിന് വഴിതുറന്നത്.