കൊൽക്കത്ത: പശ്ചിമബംഗാളിൽ കോവിഡ്കാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വീഴ്ചവരുത്തിയെന്ന് കൽക്കട്ട ഹൈക്കോടതി. തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജികളിൽ വാദംകേൾക്കവേയാണ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കമ്മിഷനെ രൂക്ഷമായി വിമർശിച്ചത്. ഇതിനു പിന്നാലെ സംസ്ഥാനത്ത് ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള പ്രദേശങ്ങളിൽ വൻ റാലികൾ നടത്തുന്നത് കമ്മിഷൻ നിരോധിച്ചു. 500 പേരിൽ കൂടുതലാളുകളെ പങ്കെടുപ്പിച്ച് പ്രചാരണപരിപാടികൾ നടത്തുന്നതിനാണ് വിലക്ക്.

‘‘ടി.എൻ. ശേഷന്റെ കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന് ഓർമയുണ്ടെന്നു തോന്നുന്നില്ല. അദ്ദേഹം ചെയ്തതിന്റെ പത്തിലൊന്നെങ്കിലും ചെയ്യാനുള്ള ശേഷി ഈ കമ്മ‌ിഷനുണ്ടോയെന്ന് സംശയമാണ്’’ -എന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം കമ്മിഷന് പരമമായ അധികാരമുണ്ടെങ്കിലും അത് പ്രയോഗിക്കുന്നതായി കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവാദിത്വത്തോടെ പെരുമാറാൻ കമ്മിഷന് കഴിയുന്നില്ല. എല്ലാം ജനങ്ങളുടെ തലയിലിട്ട് ഉത്തരവാദിത്വത്തിൽനിന്നൊഴിയരുത് -ഹൈക്കോടതി പറഞ്ഞു.

Content Highlights: kolkata high court criticizes election commission