ന്യൂഡല്‍ഹി: കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ആര്‍.എസ്.എസും തീവ്ര ഇടതുപക്ഷവും ആര്‍.എം.പി., എസ്.ഡി.പി.ഐ. എന്നീ സംഘടനകളും മഹാസഖ്യമായി പ്രവര്‍ത്തിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പശ്ചിമ ബംഗാളില്‍ ഉണ്ടാക്കിയതിന് സമാനമായ സഖ്യത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിനെതിരെ ആറളത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടന്നു. ഈ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുമെന്നും കോടിയേരി പറഞ്ഞു. 'ബി.ജെ.പി.യുടെ സമ്മതം ചോദിച്ചല്ല സി.പി.എം. മന്ത്രിമാരെ നിയമിക്കുന്നത്. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന ആഗ്രഹം കുമ്മനം രാജശേഖരന്‍ മനസ്സില്‍വെച്ചാല്‍ മതി. മുഖ്യമന്ത്രിക്ക് സമയമില്ലെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല പറഞ്ഞത് ശരിയല്ല. അപൂര്‍വമായ പ്രശ്‌നങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. യു.എ.പി.എ. ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്തത് യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ്' -കോടിയേരി പറഞ്ഞു.

'പോലീസിന്റെ തെറ്റുതിരുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. തെറ്റുചെയ്യുന്ന പോലീസുകാര്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ധാരാളം തെറ്റുകള്‍ ചെയ്ത ഉദ്യോഗസ്ഥര്‍ പോലീസിലുണ്ട്. അതവരെ മനസ്സിലാക്കിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. ഏതെങ്കിലും പോലീസുകാര്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് പരിശോധിച്ച് നടപടിയെടുക്കും'

'മഹാരാജാസ് കോളേജില്‍ നേരത്തെയുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളുടെ അറസ്റ്റ്. പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് പരാതി. അല്ലാതെ കവിതയെഴുതിയതുമായി ബന്ധപ്പെട്ടല്ല. അതിനെപ്പറ്റി ഇപ്പോള്‍ അന്വേഷണം നടക്കുന്നതേയുള്ളൂ. രണ്ടും രണ്ടാണ്. തെറ്റായ പ്രചാരണമാണ് നടക്കുന്നത്. കവിത എന്താണെന്ന് പരിശോധിച്ചിട്ടില്ല. പക്ഷേ, കവിതയെഴുതിയതുകൊണ്ടുള്ള പ്രശ്‌നങ്ങളൊക്കെ പോലീസിനെക്കൊണ്ട് പരിഹരിക്കേണ്ടതല്ല. ഇത്തരം പ്രശ്‌നങ്ങള്‍ കോളേജിന്റെ വ്യവസ്ഥാപിതമായ കമ്മിറ്റിയും വിദ്യാര്‍ഥിസംഘടനകളും ചര്‍ച്ചചെയ്താണ് പരിഹരിക്കേണ്ടത്' -കോടിയേരി അഭിപ്രായപ്പെട്ടു.