ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ജനങ്ങൾക്കിടയിൽ ബോധവത്കരണത്തിനായി ഇറങ്ങാൻ അഖിലേന്ത്യാ കിസാൻസഭ തീരുമാനിച്ചു. കേരളത്തിലെ അടിസ്ഥാനസൗകര്യ മേഖലയെ ആധുനികീകരിക്കുന്നതാണ് പദ്ധതിയെന്നു പ്രഖ്യാപിച്ച് ഹൈദരാബാദിൽ ചേർന്ന കിസാൻസഭ ദേശീയ കൗൺസിൽ പ്രമേയവും പാസാക്കി.

മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരേ കിസാൻസഭയും സി.പി.എമ്മും പരസ്യവിമർശനമുന്നയിച്ചത് ചർച്ചയായിരിക്കേയാണ് സിൽവർ ലൈനിനെ അനുകൂലിച്ചുകൊണ്ടുള്ള സംഘടനയുടെ പ്രമേയം. മഹാരാഷ്ട്രയിലെ സാമൂഹിക-സാമ്പത്തിക-കാർഷികസാഹചര്യം കേരളത്തെപ്പോലെയല്ലെന്ന് കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് പറഞ്ഞു. ഭൂപരിഷ്കരണം നടന്ന സംസ്ഥാനമാണ് കേരളം. മഹാരാഷ്ട്രയിലെ പാൽഗഢ് മേഖലയിൽ ഭൂരിപക്ഷവും ആദിവാസികളാണ്. അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ല. കേരളത്തിൽ വലിയതോതിൽ നഗരവത്കരണം നടക്കുന്നു. ഈ സാഹചര്യത്തിൽ ഏറെ അനിവാര്യമാണ് സിൽവർ ലൈൻ പദ്ധതി. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാൻ കഴിയണം. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയശക്തികളും പ്രതിപക്ഷവും ബി.ജെ.പി.യും ഒറ്റക്കെട്ടായി പദ്ധതിയെ എതിർക്കുന്നു. വിമർശിക്കുന്നവരിൽ പലർക്കും നിക്ഷിപ്തതാത്‌പര്യമുണ്ട്. പദ്ധതിയെ എതിർത്ത പരിസ്ഥിതിപ്രവർത്തക മേധാ പട്കറുടെ നിലപാടിനോട് കിസാൻസഭ വിയോജിക്കുന്നു.- പി. കൃഷ്ണപ്രസാദ് പറഞ്ഞു.