ചണ്ഡീഗഢ്: ഹരിയാണ മുഖ്യമന്ത്രിയായി ബി.ജെ.പി. നേതാവ് മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞചെയ്തു. ഞായറാഴ്ച ദീപാവലി ദിനത്തിൽ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി.) നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. ഗവർണർ സത്യദേവ് നാരായൺ ആര്യ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടർച്ചയായി രണ്ടാംവട്ടമാണ് സംസ്ഥാനത്ത് ബി.ജെ.പി. അധികാരത്തിലെത്തുന്നത്. ഇത്തവണ തനിച്ചുഭൂരിപക്ഷമില്ല. തുടർന്നാണ് പത്തംഗങ്ങളുള്ള ജെ.ജെ.പി.യുമായി ചേർന്നു സർക്കാരുണ്ടാക്കിയത്. ഏഴു സ്വതന്ത്രർകൂടി പാളയത്തിലെത്തിയതോടെ സഖ്യത്തിന് 90 അംഗ നിയമസഭയിൽ 57 പേരുടെ പിന്തുണയാണുള്ളത്.

മുൻ ആർ.എസ്.എസ്. പ്രചാരകനായ ഖട്ടർ തുടർച്ചയായി രണ്ടാംതവണയാണ് സർക്കാരിനു നേതൃത്വം നല്കുന്നത്. അറുപത്തഞ്ചുകാരനായ അദ്ദേഹം അവിവാഹിതനാണ്. ജാട്ട് മുഖ്യനും മുൻ ഉപപ്രധാനമന്ത്രിയുമായ ദേവിലാലിന്റെ മകൻ ഒാംപ്രകാശ് ചൗട്ടാലയുടെ കൊച്ചുമകനാണ് മുപ്പത്തൊന്നുകാരനായ ദുഷ്യന്ത്. ഐ.എൻ.എൽ.ഡി. പിളർത്തി ജെ.ജെ.പി. സ്ഥാപിച്ച് പത്തു മാസത്തിനുള്ളിലാണ് അദ്ദേഹത്തിനു സംസ്ഥാനരാഷ്ട്രീയത്തിൽ ‘കിങ് മേക്കർ’ ആകാനായത്. അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം നേടിയ ദുഷ്യന്ത് 2014-ൽ ലോക്‌സഭയിലേക്കു ജയിക്കുമ്പോൾ ഏറ്റവും പ്രായംകുറഞ്ഞ എം.പി.യായിരുന്നു.

സത്യപ്രതിജ്ഞാചടങ്ങിൽ ബി.ജെ.പി. വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ, പഞ്ചാബ് ഗവർണർ വി.പി. സിങ് ബദ്നോർ, മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, കേന്ദ്രമന്ത്രിമാരായ കൃഷൻപാൽ ഗുജ്ജർ, ആർ.എൽ. കഠാരിയ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്ത്, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ, കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേന്ദ്രസിങ് ഹൂഡ തുടങ്ങിയവർ പങ്കെടുത്തു.

സത്യപ്രതിജ്ഞയ്ക്ക് അച്ഛൻ ചൗട്ടാല തിഹാറിൽനിന്ന്

അധ്യാപകനിയമനത്തട്ടിപ്പുകേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിലായിരുന്ന ദുഷ്യന്ത് ചൗട്ടാലയുടെ അച്ഛൻ അജയ് ചൗട്ടാലയും മകന്റെ സത്യപ്രതിജ്ഞ കാണാനെത്തി. ബി.ജെ.പി.-ജെ.ജെ.പി. സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശനിയാഴ്ച അദ്ദേഹത്തിനു പരോൾ അനുവദിച്ചത്. അച്ഛനെന്ന നിലയിൽ ഏറ്റവും വലിയ സമ്മാനമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് അജയ് ചൗട്ടാല പ്രതികരിച്ചു. ഈ സഖ്യസർക്കാർ സുസ്ഥിരമായിരിക്കുമെന്നും സംസ്ഥാനത്ത് വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.