ന്യൂഡല്‍ഹി: ഹരിയാണയില്‍ പടര്‍ന്നുപിടിച്ച അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ സമ്മര്‍ദത്തിലായി. പക്ഷേ, പൊടുന്നനെ ഖട്ടാറിനെ മുഖ്യമന്ത്രിപദത്തില്‍നിന്ന് മാറ്റാന്‍ ബി.ജെ.പി.നേതൃത്വം തയ്യാറാകില്ലെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താത്പര്യപ്രകാരമാണ് ഖട്ടാറിനെ മുഖ്യമന്ത്രിയാക്കിയത്. അധികാരത്തിലെത്തിയശേഷം മൂന്നുതവണ അദ്ദേഹം ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിരോധത്തിലായി. ഹിസാറില്‍ രാംപാല്‍ എന്ന ആള്‍ദൈവത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിലും പോലീസുമായുള്ള ഏറ്റുമുട്ടലിലും അഞ്ചുസ്ത്രീകളും ഒരു കുട്ടിയും മരിച്ചിരുന്നു. പിന്നീട് സംവരണം ആവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തിയ സമരത്തില്‍ 30 പേര്‍ മരിച്ചു. ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ അക്രമസംഭവങ്ങളും ഹൈക്കോടതിയുടെ വിമര്‍ശനവും ഹരിയാണ സര്‍ക്കാരിനെയും മുഖ്യമന്ത്രി ഖട്ടാറിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഖട്ടാറിനെതിരേ വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി. ഹരിയാണ ബി.ജെ.പി. അധ്യക്ഷന്‍ അനില്‍ ജെയിനുമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാസ് വിജയ്വര്‍ഗിയയുമായും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ വിശദമായ ചര്‍ച്ചനടത്തി. ലക്ഷക്കണക്കിന് അനുയായികളുള്ള പ്രസ്ഥാനമാണ് ദേരാ സച്ചാ സൗദ. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വലിയ അടിച്ചമര്‍ത്തല്‍നടപടികള്‍ കൈക്കൊണ്ടിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണം വിട്ടുപോകുമായിരുന്നുവെന്നും പാര്‍ട്ടിക്ക് രാഷ്ടീയമായി തിരിച്ചടിയാകുമായിരുന്നുവെന്നുമുള്ള വാദവും ബി.ജെ.പി. നേതൃത്വത്തെ സ്വാധീനിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ തുടര്‍ന്നും ഉണ്ടായാല്‍ മുഖ്യമന്ത്രിപദത്തില്‍നിന്ന് ഖട്ടാറിന് മാറേണ്ടിവരുമെന്നും നേതാക്കള്‍ സൂചന നല്‍കി.