ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ വളരെ മുമ്പുതന്നെ മുഖ്യമന്ത്രിയാകേണ്ടിയിരുന്നയാളാണെന്ന മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പരാമർശം നേതാക്കൾ തമ്മിലുള്ള വാക്‌പോരിന് വഴിവെച്ചു. കുമാരസ്വാമിയുടെ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എന്തിന് മറുപടി പറയണമെന്നായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. പിന്നീട് ട്വിറ്ററിലൂടെ അദ്ദേഹം ഇതിന് മറുപടിയുമായെത്തി. പൊതുമരാമത്ത് മന്ത്രി എച്ച്.ഡി. രേവണ്ണപോലും മുഖ്യമന്ത്രിസ്ഥാനത്തിന് യോഗ്യനാണെന്നും എന്നാൽ, അദ്ദേഹത്തിന്റെ സമയം ഇനിയും വരേണ്ടതുണ്ടെന്നുമായിരുന്നു സിദ്ധരാമയ്യ ട്വീറ്റ് ചെയ്തത്. കുമാരസ്വാമിയുടെ പരാമർശത്തിൽ സിദ്ധരാമയ്യ അതൃപ്തനാണെന്നാണ് സൂചന.

അതിനിടെ സിദ്ധരാമയ്യയ്ക്ക് തന്നെ ഇഷ്ടമുള്ളതിനാലാണ് താൻ മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന് അദ്ദേഹം പറഞ്ഞതെന്ന് വ്യക്തമാക്കി രേവണ്ണയും എത്തി. നേരത്തേ കുമാരസ്വാമിക്കെതിരേ പ്രതിപക്ഷനേതാവ് ബി.എസ്. യെദ്യൂരപ്പ രംഗത്തെത്തിയിരുന്നു. മല്ലികാർജുന ഖാർഗെ മുഖ്യമന്ത്രിയാകേണ്ട ആളാണെന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ കുമാരസ്വാമി രാജിവെച്ച് അദ്ദേഹത്തിന്റെ ആഗ്രഹം നടപ്പാക്കട്ടെയെന്നായിരുന്നു യെദ്യൂരപ്പ അഭിപ്രായപ്പെട്ടത്.

മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ വർഷങ്ങൾക്കുമുമ്പേ മുഖ്യമന്ത്രിയാകേണ്ടിയിരുന്നുവെന്നും അദ്ദേഹത്തിന് നീതി ലഭിച്ചില്ലെന്നുമായിരുന്നു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞത്. ചിഞ്ചോളിയിൽ ഖാർഗെകൂടി പങ്കെടുത്ത പൊതുപരിപാടിയിലായിരുന്നു കുമാരസ്വാമിയുടെ പരാമർശം.

content highlights: Kharge should have become CM , says Kumaraswamy