ശ്രീനഗർ: ലഡാക്കിലെ ഖർദുങ് ല ചുരത്തിൽ ഹിമപാതത്തിൽ അഞ്ചുപേർ മരിച്ചു. പത്തുപേർ മഞ്ഞിൽ കുടുങ്ങിയിട്ടുണ്ടെന്നു സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ടത് മഞ്ഞുകോരി മാറ്റാനെത്തിയ സംഘമാണെന്ന് കരുതുന്നതായി ഡെപ്യൂട്ടി കമ്മിഷണർ അവ്‌നി ലാവാസ പറഞ്ഞു. സൈന്യവും പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

കശ്മീരിൽ അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ അത്യാവശ്യമായ ദുരിതാശ്വാസസംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശ്രീനഗറിൽ താപനില മൈനസ് 2.1 ഡിഗ്രി സെൽഷ്യസിൽനിന്ന് വെള്ളിയാഴ്ച മൈനസ് 1.3 ഡിഗ്രിയായി. ലഡാക്കിലെ അതിർത്തിമേഖലയിൽ മൈനസ് 12 ഡിഗ്രി രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.