ന്യൂഡൽഹി: മൂന്നുദിവസത്തിനകം സംസ്ഥാനങ്ങൾക്ക് ഒമ്പതുലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിന് 1,84,070 ഡോസാണ് ലഭിക്കുക.

സംസ്ഥാനങ്ങൾക്ക് ഇതുവരെ 18 കോടി ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. ഒരുകോടി ഡോസ് സംസ്ഥാനങ്ങളുടെ കൈയിലുണ്ട്. ഒട്ടും പാഴാക്കാതെ വാക്സിൻ ഉപയോഗിക്കുന്നത് കേരളമാണ്. സംസ്ഥാനത്തിനു നൽകിയ 78,97,790 ഡോസിൽ ഒട്ടും പാഴായില്ലെന്നു മാത്രമല്ല, അതുകൊണ്ട് 79,34,260 ഡോസ് നൽകുകയും ചെയ്തു.

കോവിഡ് വാക്സിൻ വാങ്ങാൻ 35,000 കോടി രൂപ ബജറ്റിൽ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ഇതിനായി ബജറ്റിൽ പ്രത്യേകം വിഹിതം നീക്കിവെച്ചിട്ടില്ലെന്ന പ്രതിപക്ഷ ആരോപണം അവർ നിഷേധിച്ചു. വാക്സിനുകളെ ജി.എസ്.ടി.യിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം മന്ത്രി തള്ളി. 45 വയസ്സിനു മുകളിലുള്ളവർക്കും മുന്നണിപ്പോരാളികൾക്കും കേന്ദ്രം സൗജന്യമായാണ് വാക്സിൻ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

content highlights: kerala will get 1,84,070 dose vaccine