ന്യൂഡൽഹി: കാൽനൂറ്റാണ്ടുകൊണ്ട് വികസിതരാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷം മുന്നോട്ടുവെച്ച ബദൽ നയങ്ങൾക്കുള്ള അംഗീകാരമാണ് കേരളത്തിലെ തുടർഭരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.എം. ഡൽഹിഘടകം കേരളാഹൗസിൽ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ ഭിന്നിപ്പിക്കുന്ന വിഘടിത-വിദ്വേഷ ശക്തികൾക്കെതിരായി ധീരമായി നിലകൊള്ളുന്നത് ഇടതുപക്ഷംമാത്രമാണ്. ഇടതുസർക്കാർ നടപ്പാക്കിയ പദ്ധതികൾക്കും പരിപാടികൾക്കുമുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പുവിജയം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ലെന്ന് ജനവിധിയിലൂടെ പ്രഖ്യാപിക്കപ്പെട്ടു.

കഴിഞ്ഞ സർക്കാർ പ്രകടനപത്രികയിലെ 600 പരിപാടികളിൽ 570 ഉം നടപ്പാക്കി. ജനങ്ങളുടെ വിശ്വാസവും 900 പരിപാടികളുള്ള പ്രകടനപത്രികയും മുൻനിർത്തി ആദ്യമന്ത്രിസഭായോഗംതന്നെ അമ്പതിന പരിപാടിയുടെ മാർഗരേഖയ്ക്ക് രൂപംനൽകി. അതിദാരിദ്ര്യം ഇല്ലാതാക്കുകയാണ് ഇതിൽ പ്രധാനം. കാൽനൂറ്റാണ്ടുകൊണ്ട് കേരളത്തെ വികസിതരാജ്യങ്ങളുടെ നിലവാരത്തിലേക്ക്‌ ഉയർത്തുകയാണ് ലക്ഷ്യം -മുഖ്യമന്ത്രി പറഞ്ഞു.

പിണറായിയുടെ നേതൃത്വത്തിൽ ഇടതുപക്ഷസർക്കാർ കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയ വികസന-ജനക്ഷേമ പ്രവർത്തനങ്ങൾക്കും മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ഭരണത്തിനുമുള്ള അംഗീകാരമാണ് തുടർഭരണമെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. പി.ബി. അംഗം വൃന്ദാ കാരാട്ട്, സി.പി.എം. ഡൽഹി സംസ്ഥാന സെക്രട്ടറി കെ.എം. തിവാരി എന്നിവരും പ്രസംഗിച്ചു.

Content Highlights: Kerala will be upgraded to the level of developed countries within 25 years, says pinarayi vijayan