ന്യൂഡൽഹി: കഴിഞ്ഞവർഷത്തെ പ്രളയത്തെത്തുടർന്ന് കാർഷികവായ്പകൾക്ക് അനുവദിച്ച മൊറട്ടോറിയം ഒരുവർഷംകൂടി നീട്ടണമെന്നു കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. കാർഷികവായ്പകൾ, സാധാരണക്കാരുടെ മറ്റു കടങ്ങൾ എന്നിവ പുനഃക്രമീകരിക്കണമെന്നും കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമറുമായി നടത്തിയ കൂടിക്കാഴ്ചയിൽ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഇത്തവണത്തെ മഴക്കെടുതിയുടെ സാഹചര്യത്തിലാണ് മൊറട്ടോറിയം നീട്ടണമെന്ന അഭ്യർഥന. വായ്പകൾ പുനഃക്രമീകരിക്കാൻ നബാർഡ് മുഖേന പ്രത്യേക സഹായധനം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഹ്രസ്വകാല വായ്പയിനത്തിൽ മൂന്നുശതമാനം പലിശപ്രകാരം 2,000 കോടി രൂപ നബാർഡ് അനുവദിക്കണമെന്നാണ് മറ്റൊരാവശ്യം. ഈയിനത്തിൽ ഇപ്പോൾ ഈടാക്കുന്ന പലിശനിരക്ക് എട്ടിൽനിന്ന് ആറായി കുറയ്ക്കണം. നബാർഡിൽനിന്ന് ആയിരംകോടി രൂപയുടെ പുതിയ വായ്പാപദ്ധതി സംസ്ഥാനത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

നിലവിൽ, നബാർഡിൽനിന്നുള്ള ദീർഘകാലവായ്പയുടെ തിരിച്ചടവുകാലയളവ് അഞ്ചുവർഷമാണ്. ഇത് 15 വർഷമാക്കി ഉയർത്തണം. ഇതോടൊപ്പം കാർഷികവായ്പകൾ പലിശരഹിതവുമാക്കണം. നബാർഡിൽനിന്നുള്ള കാർഷിക പുനർവായ്പ 40 ശതമാനത്തിൽനിന്ന് 60 ശതമാനമാക്കി ഉയർത്തണം. കൂടാതെ പുനർവായ്പയ്ക്ക് ഇപ്പോൾ ഈടാക്കുന്ന 4.5 ശതമാനം പലിശ മൂന്നുശതമാനമാക്കി കുറയ്ക്കുകയും വേണം- സഹകരണ മന്ത്രിയാവശ്യപ്പെട്ടു.

കഴിഞ്ഞവർഷത്തെ പ്രളയനഷ്ടം നികത്താൻ പ്രത്യേക സഹായധനം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെയും അത് ലഭിച്ചിട്ടില്ല. ഇത്തവണത്തെ മഴക്കെടുതിയുടെ സാഹചര്യത്തിൽ ഇക്കാര്യം വീണ്ടും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആവശ്യങ്ങളോട് അനുകൂലമായാണ് കേന്ദ്രമന്ത്രി പ്രതികരിച്ചതെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു.

Content Highlights: Kerala Seeks extending Moratorium for next one year