ന്യൂഡൽഹി: പ്രളയക്കെടുതിയിൽനിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കേരളത്തിന് 3048.39 കോടിയുടെ സഹായം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നേരത്തേ അനുവദിച്ച 600 കോടി രൂപ ഉൾപ്പെടെയാണിത്. ഫലത്തിൽ ദേശീയദുരന്തനിവാരണനിധിയിൽ (എൻ.ഡി.ആർ.എഫ്.) നിന്ന് ഇനി കിട്ടുക 2448.39 കോടി രൂപ കൂടി.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതലയോഗത്തിന്റേതാണ് തീരുമാനം. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അധ്യക്ഷനായ അന്തർ മന്ത്രാലയ ഉദ്യോഗസ്ഥസമിതി നൽകിയ ശുപാർശ മന്ത്രിതല സമിതി അംഗീകരിക്കുകയായിരുന്നു.

സംസ്ഥാന ദുരന്തനിവാരണനിധിയിലേക്കു നൽകിയ 562.42 കോടി രൂപയും പ്രളയാനന്തര നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. ഇതോടെ, പ്രളയവുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകുന്ന സഹായം 3610.81 കോടിയാവും. എന്നാൽ, ആദ്യഘട്ടത്തിൽ നൽകിയ തുക ചെലവഴിച്ചതിന്റെ കണക്കുകൾ മുഴുവൻ ഹാജരാക്കിയാലേ ഈ തുക കൈമാറൂ.

സംസ്ഥാനത്തിന് 9796 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 25-ന് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എൻ.ഡി.ആർ.എഫിൽ നിന്ന് 4796 കോടിയും പ്രളയാനന്തര നിർമാണത്തിന് പ്രത്യേക കേന്ദ്രനിധിയായി 5000 കോടിയും നൽകണമെന്നായിരുന്നു ആവശ്യം. നടപ്പു സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ ചരക്ക്-സേവനനികുതി പരിധി വിഹിതം മൂന്നു ശതമാനത്തിൽ നിന്ന് നാലര ശതമാനമായി ഉയർത്താൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. ഇതുവഴി രണ്ടുവർഷം കൊണ്ട് 16,000 കോടി രൂപ അധികം സമാഹരിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. അനുഭാവപൂർവം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.

സ്പെഷ്യൽ സെക്രട്ടറി ബി.ആർ. ശർമയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതും മുഖ്യമന്ത്രിയുടെ നിവേദനവും പരിഗണിച്ച് 3048.39 കോടി രൂപ സംസ്ഥാനത്തിന് നൽകാൻ ഉദ്യോഗസ്ഥതല സമിതി നവംബർ 29-നാണ് ശുപാർശ ചെയ്തത്. 539.52 കോടി രൂപ ആന്ധ്രാപ്രദേശിനും 131.16 കോടി രൂപ നാഗാലാൻഡിനും ദുരന്തനിവാരണനിധിയിൽ നിന്ന് മന്ത്രിതലസമിതി അനുവദിച്ചിട്ടുണ്ട്.