ന്യൂഡൽഹി: ഇ-നിയമസഭാ പദ്ധതിക്ക് ധനസഹായം നൽകണമെന്ന് സ്പീക്കർ എം.ബി. രാജേഷ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയുമായുള്ള കൂടിക്കാഴ്ചയിൽ അഭ്യർഥിച്ചു. രാജ്യത്ത് ആദ്യമായി ഇ-നിയമസഭ പദ്ധതിക്ക്‌ തുടക്കമിട്ടത് കേരളത്തിലാണ്. പിന്നീടാണ് കേന്ദ്രസർക്കാർ നേവ എന്ന പേരിൽ പദ്ധതി ആരംഭിച്ചത്. എല്ലാ നിയമസഭകളിലും നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സോഫ്റ്റ്‌വേറുമായി ബന്ധിപ്പിക്കാനുള്ള തടസ്സങ്ങളെത്തുടർന്ന് കേരളത്തിൽ ഉദ്ദേശിച്ച ഫലംകണ്ടില്ല. നേവാ പദ്ധതിയുടെ ചെലവിന്റെ പകുതി കേന്ദ്രം വഹിക്കുമ്പോൾ പദ്ധതി നടപ്പാവുന്നതിനുമുമ്പ് ഇ-നിയമസഭാ പദ്ധതി ആരംഭിച്ച കേരളത്തിനുമാത്രം അതിന്റെ പ്രയോജനം ലഭിച്ചിട്ടില്ലെന്നും എം.ബി. രാജേഷ് ഓം ബിർളയെ അറിയിച്ചു. വിഷയത്തിൽ ഇടപെടാമെന്ന് അദ്ദേഹം ഉറപ്പുനൽകി.

നിയമസഭ കടലാസുരഹിതമാക്കുന്നതിനെക്കുറിച്ചും സഭാ ടി.വി.യുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ലോക്‌സഭാ സ്പീക്കറുമായി ചർച്ചനടത്തി. സ്പീക്കർമാരുടെ സമ്മേളനം കേരളത്തിൽ നടത്താനുള്ള താത്‌പര്യം ഓം ബിർള അറിയിച്ചു. കോവിഡ് സ്ഥിതിഗതികൾകൂടി പരിശോധിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് എം.ബി. രാജേഷ് മറുപടിനൽകി.

രാജ്യസഭാ ചെയർമാൻ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവുമായും സ്പീക്കർ കൂടിക്കാഴ്ച നടത്തി. രണ്ടു കൂടിക്കാഴ്ചകളും സൗഹാർദപൂർണമായിരുന്നെന്ന് സ്പീക്കർ മാധ്യമങ്ങളോടു പ്രതികരിച്ചു.