ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരവും ബാലസാഹിത്യ പുരസ്‌കാരവും പ്രഖ്യാപിച്ചു. പി.കെ. ഗോപിയുടെ ‘ഓലച്ചൂട്ടിന്റെ വെളിച്ചം’ എന്ന കഥാസമാഹാരത്തിനാണ്‌ മലയാളത്തിൽനിന്നുള്ള ബാലസാഹിത്യ പുരസ്‌കാരം. യുവസാഹിത്യ പുരസ്‌കാരത്തിന്‌ മലയാളത്തിൽനിന്ന് അമൽ അർഹനായി. അമലിന്റെ ‘വ്യസനസമുച്ചയം’ എന്ന നോവലിനാണ് പുരസ്‌കാരം.

അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരങ്ങൾ നവംബർ 14-ന്‌ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

ആലങ്കോട് ലീലാകൃഷ്ണൻ, ഇ.വി. രാമകൃഷ്ണൻ, സിപ്പി പള്ളിപ്പുറം എന്നിവരായിരുന്നു ബാലസാഹിത്യ പുരസ്‌കാരത്തിനുള്ള മലയാളവിഭാഗം വിധിനിർണയ സമിതിയംഗങ്ങൾ. കെ.ജി. ശങ്കരപ്പിള്ള, ഡോ. എം.ഡി. രാധിക, ലക്ഷ്മിശങ്കർ എന്നിവരായിരുന്നു യുവസാഹിത്യ പുരസ്കാരത്തിനുള്ള മലയാളവിഭാഗം വിധിനിർണയസമിതിയംഗങ്ങൾ.