ന്യൂഡൽഹി: ജമ്മുകശ്മീരിലെ കഠുവയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരായ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. 2018-ൽ സംഭവം നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന വാദം തെറ്റാണെന്ന ജമ്മുകശ്മീർ ഭരണകൂടത്തിന്റെ വാദം പരിഗണിച്ചാണ് സ്റ്റേ.
ജസ്റ്റിസുമാരായ എൻ.വി. രമണ, അജയ് രാസ്തഗി, വി. സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് നടപടികൾ സ്റ്റേ ചെയ്തത്. എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെയും കൂട്ടബലാത്സംഗവും കൊലപാതകവും ചെയ്തതിന്റെയും സൂത്രധാരരിൽ ഒരാളാണ് പ്രതിയെന്ന് ജമ്മുകശ്മീർ സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ പി.എസ്. പട്‌വാലിയ വാദിച്ചു. സംഭവം നടക്കുമ്പോൾ പ്രതിക്ക് 19-നും 23-നും ഇടയിലായിരുന്നു പ്രായമെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. അതിനാൽ, ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് പട്‌വാലിയ ആവശ്യപ്പെട്ടത്.
മുനിസിപ്പൽ രേഖകളിലും സ്കൂൾരേഖകളിലുമുള്ള പ്രതിയുടെ ജനനതീയതിയിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിട്ടും ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിയെ പ്രായപൂർത്തിയാകാത്ത വ്യക്തിയായി പരിഗണിച്ച് നിയമനടപടികൾ ആരംഭിക്കുകയായിരുന്നെന്ന് പട്‌വാലിയ വാദിച്ചു. കഴിഞ്ഞ വർഷമാണ് പ്രതിയെ പ്രായപൂർത്തിയാകാത്ത ആളായി പരിഗണിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ് നടപടിയാരംഭിച്ചത്.
2018 മേയിൽ കഠുവ കോടതിയിൽനിന്ന് കേസ് പഞ്ചാബിലെ പഠാൻകോട്ടിലേക്കു മാറ്റിയിരുന്നു.
Content Highlights: Kathua rape and murder case