ചെന്നൈ: കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്ന് ഡി.എം.കെ. വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ. നേരിയതോതിൽ പനിയുണ്ടായിരുന്നെങ്കിലും ഇപ്പോൾ മെച്ചപ്പെട്ട് വരികയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഡി.എം.കെ.യുടെ അമരത്ത് കരുണാനിധി 50 വർഷം തികച്ചതിനോടനുബന്ധിച്ചാണ് സ്റ്റാലിൻ ഇങ്ങനെ കുറിച്ചത്.

എല്ലാ വെല്ലുവിളികളും നേട്ടങ്ങളാക്കി മാറ്റാനുള്ള കഴിവ് കരുണാനിധിക്കുമാത്രമുള്ളതാണ്. ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. അനാവശ്യപ്രചാരണങ്ങളിൽ വിശ്വസിക്കരുത് - സ്റ്റാലിൻ ഗോപാലപുരത്ത് കരുണാനിധിയുടെ വസതിക്ക്‌ മുന്നിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കലൈഞ്ജറുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് ഡോക്ടർമാർ തരുന്ന വിവരമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

കരുണാനിധിയുടെ പാത പിന്തുടരണം. കരുണാനിധിയുടെ പ്രവർത്തനശൈലി പ്രവർത്തകർ മാതൃകയാക്കണമെന്ന് സ്റ്റാലിൻ ആഹ്വാനം ചെയ്തു.

കലൈഞ്ജറായി അറിയപ്പെടുന്ന അദ്ദേഹം പ്രവർത്തകർക്കിടയിൽ ഇപ്പോഴും ആവേശമായി നിലകൊള്ളുന്നു. നിശ്ചയദാർഢ്യവും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ കരുണാനിധിക്ക്‌ അനിഷേധ്യസ്ഥാനം നേടിക്കൊടുത്തതെന്ന് എം.കെ. സ്റ്റാലിൻ പറഞ്ഞു.