ന്യൂഡൽഹി: പാകിസ്താനിലെ കർതാർപുർ ഗുരുദ്വാരയിലേക്കുള്ള ആദ്യ തീർഥാടകസംഘത്തിന്റെ ഭാഗമാകാമെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് സമ്മതിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു.

പഞ്ചാബ് സർക്കാരിന്റെ ക്ഷണപ്രകാരമാണ് പങ്കെടുക്കുന്നത്. വ്യാഴാഴ്ച മൻമോഹനും അമരീന്ദറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനച്ചടങ്ങിലും ഗുരുനാനാക്കിന്റെ 550-ാം പ്രകാശപൂർവ ആഘോഷങ്ങളിലും പങ്കെടുക്കാമെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അറിയിച്ചതായും അമരീന്ദർ സിങ് പറഞ്ഞു.

പാകിസ്താന്റെ ക്ഷണം സ്വീകരിച്ച് മൻമോഹൻ കർതാർപുർ ഗുരുദ്വാരയിൽ എത്തുമോയെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടയിലാണ് പഞ്ചാബ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ചത്. നവംബർ ഒമ്പതിന് നടക്കുന്ന അഖിലകക്ഷി ജാഥയിലും തുടർന്ന് സുൽത്താൻപുർ ലോധിയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിലും മൻമോഹൻ സിങ് പങ്കെടുക്കും. മുഖ്യമന്ത്രിയാണ് ജാഥ നയിക്കുന്നത്.

Content Highlights: Kartharpur corridor Manmohan Singh