ബെംഗളൂരു/ലഖ്നൗ: പോപ്പുലർ ഫ്രണ്ടിനെ (പി.എഫ്.ഐ.) നിരോധിക്കാൻ കർണാടക-ഉത്തർപ്രദേശ് സർക്കാർ ഒരുങ്ങുന്നു. പൗരത്വനിയമ ഭേദഗതി വിഷയത്തിലെ പ്രതിഷേധങ്ങളുടെ മറവിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് ഇരുസംസ്ഥാനങ്ങളും നടപടിക്കൊരുങ്ങുന്നത്.

പോപ്പുലർ ഫ്രണ്ടിനൊപ്പം എസ്.ഡി.പി.ഐ.യെയും നിരോധിക്കാനാണ് കർണാടകത്തിന്റെ നീക്കം. ഇതിനുള്ള ആലോചന നടക്കുകയാണെന്നും വിഷയം മന്ത്രിസഭയിൽ ചർച്ചചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു.

പൗരത്വനിയമ ഭേദഗതിക്കെതിരേ മംഗളൂരുവിൽനടന്ന സംഘർഷങ്ങളിൽ ഇവർക്കു പങ്കുണ്ടെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐ.യും ക്രമസമാധാനം തകരാറിലാക്കി സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കഴിഞ്ഞദിവസം കർണാടക സാംസ്കാരിക മന്ത്രി സി.ടി. രവി പറഞ്ഞിരുന്നു.

ഈ മാസം 19-ന് ലഖ്നൗവിൽനടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് യു.പി. സർക്കാർ നടപടിക്കൊരുങ്ങുന്നത്. അന്നത്തെ അക്രമവുമായി ബന്ധപ്പെട്ട് പി.എഫ്.ഐ. സംസ്ഥാനപ്രസിഡന്റ് വസീം അഹമ്മദിനെയും മറ്റു നേതാക്കളായ നദീം, അഷ്‌റഫ് എന്നിവരെയും അറസ്റ്റുചെയ്തിരുന്നു.