ബെംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞതിനെത്തുടർന്ന് കർണാടകത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. ക്ഷേത്രങ്ങൾ, പള്ളികൾ, ഗുരുദ്വാരകൾ തുടങ്ങി ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകി. കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് ഞായറാഴ്ച മുതൽ തുറക്കാനാണ് അനുമതി. അതേസമയം, ക്ഷേത്രോത്സവങ്ങൾ, ഘോഷയാത്രകൾ, മത സമ്മേളനങ്ങൾ എന്നിവ അനുവദിക്കില്ലെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എൻ. മഞ്ജുനാഥപ്രസാദ് അറിയിച്ചു.

അമ്യൂസ്‌മെന്റ് പാർക്കുകളും സമാനമായ മറ്റു സ്ഥലങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാം. പാർക്കുകളിലെ ജലാശയങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. സിനിമാ തിയേറ്ററുകൾ പകുതിസീറ്റുകൾ അനുവദിച്ച് പ്രവർത്തിപ്പിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. ജൂലായ് 26 മുതൽ ബിരുദതലം മുതലുള്ള കോളേജുകളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുമതി നൽകി. മെഡിക്കൽ, ഡെന്റൽ, നഴ്‌സിങ് കോളേജുകളുൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾ, മെട്രോ ട്രെയിനുകൾ എന്നിവയ്ക്ക് നേരത്തെ അനുമതി നൽകിയിരുന്നു. രാത്രി പത്തുമുതൽ രാവിലെ അഞ്ചുവരെ കർഫ്യൂ തുടരും.