ബെംഗളൂരു: ശമ്പളവര്‍ധന ആവശ്യപ്പെട്ട് കര്‍ണാടക ആര്‍.ടി.സി, ബി.എം.ടി.സി. ജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്‍. സംസ്ഥാനത്ത് 55,000 കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും 35,554 ബി.എം.ടി.സി. ജീവനക്കാരുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 23,000 കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ നിരത്തിലിറങ്ങുന്നില്ല. ഞായറാഴ്ച അര്‍ധരാത്രിമുതലാണ് സമരം ആരംഭിച്ചതെങ്കിലും മാണ്ഡ്യ, ഗദക് എന്നീ ജില്ലകളില്‍ ഞായറാഴ്ച ഉച്ചയോടെതന്നെ ജീവനക്കാര്‍ സമരംതുടങ്ങി.
 
25 ശതമാനം ശമ്പളവര്‍ധന ആവശ്യപ്പെട്ടാണ് സമരം. ബി.എം.ടി.സി. ജീവനക്കാര്‍ സമരംനടത്തുന്നത് നഗരജീവിതത്തെ സാരമായിബാധിക്കും. ബസ് സമരത്തിന്റെ മറവില്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്ന സ്വകാര്യവാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കി.

അതേസമയം, സമരത്തെ ശക്തമായിനേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ബെംഗളൂരു സര്‍വകലാശാലയും കര്‍ണാടക ഓപ്പണ്‍ സര്‍വകലാശാലയും നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. സമരം ജനങ്ങളെ ബാധിക്കാതിരിക്കാതിരിക്കാനുള്ള ബദല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.

കേരളത്തിലേക്കുള്ള സര്‍വീസുകളും നിലച്ചു

ബെംഗളൂരു: കര്‍ണാടക ആര്‍.ടി.സി. ജീവനക്കാരുടെ സമരം കേരളത്തിലേക്കുള്ള സര്‍വീസുകളെയും ബാധിച്ചു. ഞായറാഴ്ച വൈകിയുള്ള പല സര്‍വീസുകളും മുടങ്ങി. കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്കായി അമ്പതോളം ബസ്സുകളാണ് കര്‍ണാടക ആര്‍.ടി.സി. സര്‍വീസ് നടത്തുന്നത്. കേരളത്തിന്റെ തെക്കന്‍മേഖലകളിലേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ നിലച്ചത് യാത്രക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. കേരള ആര്‍.ടി.സി.യേക്കാള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത് കര്‍ണാടക ആര്‍.ടി.സിയാണ്. വാരാന്ത്യങ്ങളിലാണ് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടുന്നത്. ഇതിനാല്‍ സമരം തീര്‍ന്നില്ലെങ്കില്‍ കേരളത്തിലേക്കുള്ള യാത്ര വരുംദിവസങ്ങളില്‍ കൂടുതല്‍ ദുഷ്‌കരമാകും.