ബെംഗളൂരു: സേവനം മെച്ചപ്പെടുത്താൻ യാത്രക്കാരിൽനിന്ന് അഭിപ്രായങ്ങൾ തേടി കർണാടക ആർ.ടി.സി. കഴിഞ്ഞവർഷം കൂടുതൽ തവണ ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവരിൽനിന്നാണ് അഭിപ്രായങ്ങൾ തേടിയത്. കർണാടക ആർ.ടി.സി. എം.ഡി. ശിവയോഗി സി. കലസദിന്റെ നേതൃത്വത്തിൽ ശാന്തിനഗറിലെ ഓഫീസിൽ നടന്ന യോഗത്തിൽ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്ത എറണാകുളം സ്വദേശി സജിൻ സെബാസ്റ്റ്യൻ, സ്ഥിരംയാത്രക്കാരനായ പാലക്കാട് സ്വദേശി ശ്രീനു തുടങ്ങിയവർക്ക് മെമന്റോ നൽകി അനുമോദിച്ചു. ഇതോടൊപ്പം രണ്ട് സൗജന്യ ടിക്കറ്റുകളും സമ്മാനിച്ചു.

ബസ്സുകളിൽ ജി.പി.എസ്. സൗകര്യം, കൂടുതൽ സ്ലീപ്പർ ബസ്സുകൾ, കുപ്പിവെള്ളം നിർത്തലാക്കിയതിനു പകരം സൗകര്യം, ബസ്സുകളുടെ സമയക്രമം കൃത്യമായി പാലിക്കുക, കൗണ്ടറുകളിൽ ടിക്കറ്റെടുക്കുന്നവർക്കും മൊബൈലിലെ മെസേജ് കാണിക്കാനാകണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്.

യാത്രക്കാരുടെ നിർദേശങ്ങൾ ഉടൻതന്നെ നടപ്പാക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. ബെംഗളൂരുവിൽ ഐ.ടി. കമ്പനിയിൽ ജോലിചെയ്യുന്ന സജിൻ 2019-ൽ 148 തവണയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതിലൂടെ 1.8 ലക്ഷം രൂപ ടിക്കറ്റിനത്തിൽ കർണാടക ആർ.ടി.സി.ക്ക് നൽകി. കഴിഞ്ഞ മൂന്നു വർഷമായി എല്ലാ ആഴ്ചകളിലും സജിൻ എറണാകുളത്തേക്ക് പോകാറുണ്ട്. കർണാടക ആർ.ടി.സി. എം.ഡി. ശിവയോഗി സി. കലസദ് ഇ-മെയിൽ വഴിയാണ് 2019-ൽ കർണാടക ആർ.ടി.സി. യിൽ കൂടുതൽ തവണ ടിക്കറ്റ് ബുക്ക് ചെയ്തയാൾ സജിനാണെന്ന വിവരം അറിയിച്ചത്.

Content Highlights: Karnataka RTC Kerala