ബെംഗളൂരു: കാലാവധി കഴിഞ്ഞ ബസുകൾ നശിപ്പിക്കാതെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കിമാറ്റാനൊരുങ്ങി കർണാടക ആർ.ടി.സി. നിരത്തുകളിൽനിന്ന് പിൻവലിക്കുന്ന ബസുകൾ സ്ത്രീകൾക്കുള്ള ശുചിമുറിയാക്കി മാറ്റാനാണ് കോർപ്പറേഷന്റെ നീക്കം. ഇതുകൂടാതെ മൊബൈൽ ലൈബ്രറി, തയ്യൽകേന്ദ്രം എന്നിവയാക്കിമാറ്റാനും ഉദ്ദേശിക്കുന്നുണ്ട്. പുണെ മുനിസിപ്പൽ കോർപ്പറേഷനിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ബസുകൾ സ്ത്രീകൾക്കുള്ള ശുചിമുറിയാക്കി മാറ്റുന്നത്. പുണെ മുനിസിപ്പൽ കോർപ്പറേഷൻ നേരത്തേ പഴക്കംച്ചെന്ന ചില ബസുകൾ സ്ത്രീകൾക്കുള്ള ശുചിമുറിയാക്കി മാറ്റിയിരുന്നു.

കർണാടക ആർ.ടി.സി.യുടെ നോൺ എ.സി. ബസുകൾ ഒമ്പത് ലക്ഷം കിലോമീറ്റർ പിന്നിടുമ്പോഴും എ.സി. ബസുകൾ 13 ലക്ഷം കിലോമീറ്റർ പിന്നിടുമ്പോഴുമാണ് നിരത്തിൽനിന്ന് പിൻവലിക്കുന്നത്. പിൻവലിക്കുന്ന ബസുകൾ നശിപ്പിക്കുന്നത് കോർപ്പറേഷന് എപ്പോഴും തലവേദനയാണ്. പലപ്പോഴും ഇത്തരം ബസുകൾ സ്വീകരിക്കാൻ കരാറുകാരെ കിട്ടാതെ വരുന്നു.

പഴയ ‘കർണാടക സരിഗെ’ ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മജസ്റ്റിക് ഉൾപ്പെടെ പ്രധാന ബസ് സ്റ്റാൻഡുകളിലായിരിക്കും ബസുകൾ ശുചിമുറിയാക്കി സ്ഥാപിക്കുന്നത്. ദിവസേന ലക്ഷക്കണക്കിന് യാത്രക്കാരാണ് മജസ്റ്റിക്കിൽ എത്തുന്നത്. ഇവിടെ ശുചിമുറികളും ശിശുസംരക്ഷണ കേന്ദ്രങ്ങളും നിർമിക്കുന്നത് വനിതാ യാത്രക്കാർക്ക് പ്രയോജനമാകുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ പറഞ്ഞു. നിലവിൽ 1200 പഴയ ബസുകൾ വർക്ക്‌ഷോപ്പുകളിൽ കിടപ്പുണ്ട്.

Content Highlights: Karnataka RTC buses toilet library