ബെംഗളൂരു: എറണാകുളത്തേക്ക് രണ്ടാമത്തെ അംബാരി ഡ്രീം ക്ലാസ് ബസ് സർവീസുമായി കർണാടക ആർ.ടി.സി. നിലവിൽ സർവീസ് നടത്തുന്ന ഇതേ ക്ലാസിലുള്ള ബസിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് രണ്ടാമത്തെ ബസ് സർവീസും തുടങ്ങിയത്. മൾട്ടി ആക്സിൽ വോൾവോ എ.സി. സ്ലീപ്പർ ബസാണ് അംബാരി ഡ്രീം ക്ലാസ്. ഇതോടൊപ്പം കാഞ്ഞങ്ങാട്ടേക്ക് ഐരാവത് എ.സി. സർവീസും തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരൂ - എറണാകുളം അംബാരി ഡ്രീം ക്ലാസ് ബസ് രാത്രി 8.45-നാണ് ബെംഗളൂരുവിൽനിന്ന് പുറപ്പെടുക. ഹൊസൂർ, സേലം കോയമ്പത്തൂർ വഴി രാവിലെ 6.45 -നാണ് എറണാകുളത്തെത്തും. തിരിച്ച് എറണാകുളത്തുനിന്ന് വൈകീട്ട് 7.15 -ന് പുറപ്പെട്ട് പുലർച്ചെ 5.15-ന് ബെംഗളൂരുവിലെത്തും. കാഞ്ഞങ്ങാട്ടേക്കുള്ള ഐരാവത് എ.സി. രാത്രി 8.15-ന് പുറപ്പെട്ട് മൈസൂരു , വിരാജ്‌പേട്ട്, കണ്ണൂർ വഴി രാവിലെ അഞ്ചിന് കാഞ്ഞങ്ങാട്ടെത്തിച്ചേരും. കാഞ്ഞങ്ങാട്ടുനിന്ന് രാത്രി 7.45 -ന് പുറപ്പെട്ട് പുലർച്ചെ 4.30-ന് ബെംഗളുരുവിലെത്തും.എണാകുളം അംബാരി ഡ്രീം ക്ലാസിൽ 1410 രൂപയും കാഞ്ഞങ്ങാട്ടേക്കുള്ള ബസിന് 890 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ചിക്കമഗളൂരു, ദാവണഗരെ, ശൃംഗേരി, ചെന്നൈ, നെല്ലൂർ, റായ്ച്ചൂർ, ഹൈദരാബാദ്, ഷിർദി എന്നിവിടങ്ങളിലേക്കും കർണാടക ആർ.ടി.സി. എ.സി. സർവീസുകൾ തുടങ്ങി. വിധാന സൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു.