ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസിൽനിന്നും ജെ.ഡി.എസിൽനിന്നും രാജിവെച്ച എം.എൽ.എ.മാരുടെ ഭാവി എന്താകുമെന്നത് നിയമസഭാ സ്പീക്കറുടെ നടപടിയെ ആശ്രയിച്ചിരിക്കും. 15 എം.എൽ.എ.മാരോടും ചൊവ്വാഴ്ച രാവിലെ ഹാജരാകാൻ സ്പീക്കർ കെ.ആർ. രമേശ്കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും ഹാജരായില്ല. വിമതർക്കുവേണ്ടി മുൻ അഡ്വക്കേറ്റ് ജനറൽ അശോക് ഹരനഹള്ളിയാണ് ഹാജരായത്. വിമതരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസും ജെ.ഡി.എസും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ തെളിവെടുപ്പ് പൂർത്തിയായാൽ സ്പീക്കർ നടപടി സ്വീകരിക്കും. രണ്ടുദിവസത്തിനുള്ളിൽ നടപടിയെടുക്കാൻ സ്പീക്കർ നിർബന്ധിതനാകും. ബി.ജെ.പി. സർക്കാർ വരുന്നതിനുമുമ്പ് വിമതരെ അയോഗ്യരാക്കിയേക്കും. വിമതർ ബുധനാഴ്ച ബെംഗളൂരുവിലെത്തും.

ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയാകും

മുതിർന്ന ബി.ജെ.പി. നേതാവും 76-കാരനുമായ ബി.എസ്. യെദ്യൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തേക്കും. സർക്കാർ രൂപവത്കരിക്കാൻ ബി.ജെ.പി. ബുധനാഴ്ച അവകാശവാദമുന്നയിക്കുമെന്ന് മുതിർന്ന നേതാവ് ആർ. അശോക് പറഞ്ഞു. സ്വതന്ത്രൻ അടക്കം രണ്ടുപേരുടെ പിന്തുണയോടെ പാർട്ടിക്ക് 107 പേരുടെ അംഗബലമുണ്ട്.

കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യത്തിന്റെ ഭാവി

സർക്കാർ വീണതോടെ കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യം പൊളിയാനാണ് സാധ്യത. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം സർക്കാരും വീണു. െജ.ഡി.എസുമായുള്ള സഖ്യത്തോടുള്ള കോൺഗ്രസ് പ്രാദേശികഘടകങ്ങളുടെ അതൃപ്തി അവഗണിക്കാൻ കഴിയില്ല. ജെ.ഡി.എസും സഖ്യത്തിൽനിന്നു പിൻവലിഞ്ഞേക്കും.

ബി.എസ്.പി.യിൽനിന്ന് പുറത്താക്കി

പാർട്ടിനിർദേശം അവഗണിച്ച് വിശ്വാസവോട്ടിൽനിന്നു വിട്ടുനിന്ന ബി.എസ്.പി.യുടെ ഏക നിയമസഭാംഗം എൻ. മഹേഷിനെ പാർട്ടിയിൽനിന്നു പുറത്താക്കി.

വിതുമ്പി കുമാരസ്വാമി

വിശ്വാസവോട്ടിനുമുമ്പ് എച്ച്.ഡി. കുമാരസ്വാമി വികാരാധീനനായി. അവസാനപ്രസംഗത്തിലും വോട്ടെടുപ്പ് നടക്കുമ്പോഴും കുമാരസ്വാമി വിതുമ്പുന്നുണ്ടായിരുന്നു.