ബെംഗളൂരു: ബ്രിട്ടനിൽ പുതിയ തരം കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാത്രി കർഫ്യൂ എർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് കർണാടക സർക്കാർ പിൻവാങ്ങി. ബ്രിട്ടനിൽ നിന്ന്ബെംഗളൂരുവിലെത്തിയ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു രാത്രി കർഫ്യൂ എർപ്പെടുത്താനുള്ള ഉത്തരവ് ബുധനാഴ്ച സർക്കാർപുറപ്പെടുവിച്ചത്. വ്യാഴാഴ്ച മുതൽ ഡിസംബർ ഒന്നുവരെ രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ചുവരെ കർഫ്യൂ എർപ്പെടുത്താനായിരുന്നു തീരുമാനം. പക്ഷേ, ബുധനാഴ്ച ഉച്ചകഴിഞ്ഞപ്പോഴേക്കും കർഫ്യൂ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. പൊതുജനങ്ങളിൽനിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയാണ് പുതിയ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു.
രാത്രി കർഫ്യൂ ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരേ വിവിധ കോണുകളിൽനിന്നും എതിർപ്പുയർന്നിരുന്നു. ക്രിസ്മസ്-പുതുവത്സര ഉത്സവകാലത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നതിൽ ബിസിനസ്-വ്യവസായ മേഖലകളിലുള്ളവരും എതിർപ്പു പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷകക്ഷികളും ഇതിനെതിരേ രംഗത്തുവന്നു.
Content Highlights: Karnataka night curfew