ബെംഗളൂരു: കർണാടകത്തിലെ മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് മുൻഗണന നൽകാനൊരുങ്ങി കോൺഗ്രസ്.

കഴിഞ്ഞദിവസം ചേർന്ന പാർട്ടിനേതാക്കളുടെ യോഗത്തിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന അഭിപ്രായമാണ് ഉയർന്നത്. രണ്ടു തവണയിൽ കൂടുതൽ മന്ത്രിമാരായവരെ മാറ്റി നിർത്തണമെന്നും നിർദേശമുണ്ടായി. യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ തിങ്കളാഴ്ച ഡൽഹിയിലെത്തി ഹൈക്കമാൻഡിനെ അറിയിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വര അറിയിച്ചു.

തിങ്കളാഴ്ച മന്ത്രിമാരെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. വിദേശത്തുള്ള രാഹുൽ ഗാന്ധി തിങ്കളാഴ്ച മടങ്ങിയെത്തും. പുതുമുഖങ്ങളെ മന്ത്രിമാരാക്കണമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനും. ഒരു തവണയെങ്കിലും മന്ത്രിയായവർ മന്ത്രിസഭാ വികസനത്തിന്റെ ആദ്യഘട്ടത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നിരുന്നു. വകുപ്പു വിഭജനം പൂർത്തിയായപ്പോൾ കോൺഗ്രസിന് 22 വകുപ്പുകളും ജെ.ഡി.എസിന് 12 വകുപ്പുകളുമാണ് ലഭിച്ചത്.

അതേസമയം, പ്രായമായവരെ മാറ്റിനിർത്താനുള്ള നീക്കത്തിൽ മുതിർന്നനേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു. മുതിർന്ന നേതാക്കളെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതെന്നാണ് അവരുടെ വാദം. മന്ത്രിസഭയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് മുതിർന്നനേതാക്കളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പുതുമുഖങ്ങളെ മന്ത്രിസഭയിലുൾപ്പെടുത്തുകയും മുതിർന്നവരെ ഉപയോഗപ്പെടുത്തി പാർട്ടി ശക്തിപ്പെടുത്തുകയുമാണ് ഹൈക്കമാൻഡിന്റെ ലക്ഷ്യമെങ്കിൽ ജി. പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കിയത് എന്തിനാണെന്ന് ചില മുൻമന്ത്രിമാർ ചോദ്യമുന്നയിച്ചിട്ടുണ്ട്.

മുതിർന്ന എം.എൽ.എ.മാരായ ആർ.വി. ദേശ്പാണ്ഡെ, എച്ച്.കെ. പാട്ടീൽ, ഡി.കെ. ശിവകുമാർ, കെ.ജെ. ജോർജ്, റോഷൻ ബെയ്ഗ്, ഷാമന്നൂർ ശിവശങ്കരപ്പ തുടങ്ങിയവർ രണ്ടു തവണയിൽ കൂടുതൽ മന്ത്രിയായിട്ടുള്ളവരാണ്. അതിനാൽ ഇവർ ഇത്തവണ മന്ത്രിസഭയിലുണ്ടാകുന്ന കാര്യം സംശയമാണ്.