ബെംഗളൂരു: കര്‍ണാടകത്തിന്റെ സ്വന്തം ത്രിവര്‍ണപതാകയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കി. ഒമ്പതംഗ വിദഗ്ധസമിതിയുടെ നിര്‍ദേശമാണ് അംഗീകരിച്ചത്. മഞ്ഞ, വെള്ള, ചുവപ്പ് നിറത്തിലുള്ള പതാകയുടെ മധ്യത്തില്‍ സംസ്ഥാന മുദ്രയുമുണ്ട്.

മുഖ്യമന്ത്രി സിദ്ധരാമയ്യ പതാക പ്രകാശനംചെയ്തു. പതാക ഔദ്യോഗികമായി നടപ്പാകണമെങ്കില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. കന്നഡ സംഘടനകളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇതെന്ന് ആരോപണമുണ്ട്.

സംസ്ഥാനത്തിന് സ്വന്തം പതാകയുണ്ടാക്കുന്നത് ഭരണഘടനാവിരുദ്ധമല്ലെന്നും എന്നാല്‍, പതാകയുയര്‍ത്തുമ്പോള്‍ ദേശീയപതാകയുടെ ചുവടെയായിരിക്കണം സംസ്ഥാനപതാകയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പതാകയുടെ നിര്‍ദേശം കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കന്നഡ പണ്ഡിതന്‍ ഹമ്പ നാഗരാജയ്യയുടെ അധ്യക്ഷതയിലുള്ള വിദഗ്ധസമിതയാണ് പതാക രൂപകല്‍പ്പന ചെയ്തത്. കന്നഡ സംഘടനകളുടെയും കലാസാഹിത്യ രംഗത്തുള്ളവരുടെയും അംഗീകാരത്തോടെയാണ് പതാക രൂപകല്‍പ്പന ചെയ്തതെന്ന് കന്നഡ വികസന അതോറിറ്റി ചെയര്‍മാന്‍ എസ്.ജി. സിദ്ധരാമയ്യ പറഞ്ഞു. ക്ഷമ, സമാധാനം, ധീരത എന്നിവയെ സൂചിപ്പിക്കുന്നതാണ് മഞ്ഞ, വെള്ള, ചുവപ്പ് നിറങ്ങള്‍.

കര്‍ണാടകത്തിന് സ്വന്തം പതാക വേണമെന്ന കന്നഡ സംഘടനകളുടെ ആവശ്യത്തില്‍ 2017 ജൂലായിലാണ് സര്‍ക്കാര്‍ വിദഗ്ധസമിതിക്ക് രൂപംനല്‍കുന്നത്. 1960 മുതല്‍ മഞ്ഞ, ചുവപ്പ് നിറത്തിലുള്ള പതാക കന്നഡ സംഘടനകള്‍ ഉപയോഗിക്കുന്നുണ്ട്. ആദ്യമായാണ് സംസ്ഥാനത്തിന് സ്വന്തമായി ഔദ്യോഗികപതാക വരുന്നത്. നിയമവിദഗ്ധരും പതാകയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്.

കര്‍ണാടകപ്പിറവിദിനമായ നവംബര്‍ ഒന്നിന് സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും കന്നഡപതാക ഉയര്‍ത്താറുണ്ട്.