ബെംഗളൂരു: കര്‍ണാടകത്തിനു മാത്രമായി സ്വന്തം പതാകയാകാമോ എന്നതിനെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയമിച്ചു. ഒരിക്കല്‍ ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞ വിഷയം തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമുള്ളപ്പോഴാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പൊടിതട്ടിയെടുക്കുന്നത്. ഇതിനായി കന്നഡ സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തലവനായ ഒന്‍പതംഗ സമിതിയെയാണ് നിയമിച്ചത്.

'സ്വന്തം പതാക' സാധ്യമാക്കുന്നതിന് നിയമവശം പരിശോധിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കലാണ് സമിതിയുടെ പ്രധാന ലക്ഷ്യം. അത് സാധ്യമാണെങ്കില്‍ പതാകയുടെ മാതൃകയും സമിതി രൂപപ്പെടുത്തും. നിലവില്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക പദവിയുള്ള കശ്മീരിന് മാത്രമാണ് സ്വന്തം പതാകയുള്ളത്. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം പതാകയെന്ന ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ എതിരാണ്.

നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ തത്ത്വത്തോട് ചേര്‍ന്ന് നില്‍ക്കുന്നതും, കര്‍ണാടകത്തിന്റേതെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നതുമായ പതാക രൂപപ്പെടുത്താനാണ് സമിതി ആലോചിക്കുന്നത്.

കര്‍ണാടകത്തില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് ചുവപ്പും മഞ്ഞയും കലര്‍ന്ന പതാക ഉപയോഗിക്കുന്നുണ്ട്. ഇത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പതാകയാക്കണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2012-ല്‍ ബി.ജെ.പി. സര്‍ക്കാരാണ് 'സ്വന്തം പതാക' ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അന്ന് ഹൈക്കോടതി ഇത് സംബന്ധിച്ച് വിശദീകരണം തേടിയിരുന്നു. സ്വന്തം പതാകയെന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായതിനാല്‍ നീക്കവുമായി മുന്നോട്ടുപോകില്ലെന്ന് സര്‍ക്കാര്‍ വിശദീകരണവും നല്‍കി. പിന്നീട് കാര്യമായ ചര്‍ച്ചകളൊന്നുമുണ്ടായില്ല.

കര്‍ണാടകസര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന സമിതിയില്‍ ആഭ്യന്തര,നിയമ, പാര്‍ലമെന്ററി വകുപ്പുകളിലെ സെക്രട്ടറിമാരും കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡന്റ്, കന്നഡ വികസന അതോറിറ്റി ചെയര്‍മാന്‍, കന്നഡ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ എന്നിവരുമുണ്ട്.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമാണിതെന്ന ആരോപണം മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളിക്കളഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി പതാക പാടില്ലെന്ന് ഭരണഘടനയില്‍ എവിടെയും പറഞ്ഞിട്ടില്ല, കര്‍ണാടകത്തിന് സ്വന്തം പതാക വേണ്ടെന്ന് പ്രസ്താവനയിറക്കാന്‍ ബി.ജെ.പി.ക്ക് ധൈര്യമുണ്ടോയെന്നും സിദ്ധരാമയ്യ ചോദിച്ചു.